ആലപ്പുഴ: കൊവിഡ് നാൾക്കുനാൾ പെരുകുന്നതിനിടെ, സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിൽ ഉപതരിഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. . ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇതിനോടകം ചർച്ചയായിട്ടുണ്ട്.
...............................
കേവലം ആറു മാസത്തിൽ താഴെ മാത്രം കാലാവധി ലഭിക്കാൻ ഇടയുള്ള നിയമസഭാ സാമാജികരെ തിരഞ്ഞെടുക്കുക വഴി നമുക്ക് ഒന്നും നേടാനില്ല. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥയും പ്രതികൂലമാണ്. മനസില്ലാ മനസോടെയാണ് രാഷ്ട്രീയ കക്ഷികൾ സ്വാഗതം ചെയ്യുന്നത് എന്നതാണ് സത്യം. ഖജനാവിനെ കൂടുതൽ ശുഷ്കമാക്കുന്ന ഈ ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ ആവശ്യമില്ലാത്തതു തന്നെ
ബി.സത്യപാൽ, (എസ്. എൻ. ഡി.പി യോഗം ചാരുംമൂട്
യൂണിയൻ കൺവീനർ)
.....................................
ഒരു മണ്ഡലത്തിൽ 6 മാസത്തിൽ കൂടുതൽ ജനപ്രതിനിധി ഇല്ലാതിരിക്കരുതെന്ന ഭരണഘടന അനുശാസനം വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിക്കുമ്പോൾ ഒരു വർഷം പോലും കാലാവധി തികയ്ക്കാൻ കഴിയാത്ത നിയോജകമണ്ഡലം പ്രതിനിധികൾക്ക് ഭരണ പാടവം കാട്ടാനോ, അവരെ വിലയിരുത്താൻ ജനങ്ങൾക്ക് കഴിയുകയോ ചെയ്യില്ല. ചെറിയ ഇടവേളകൾ മാത്രമുള്ള ഉപതിരഞ്ഞെടുപ്പുകൾ ഈ പ്രതിസന്ധിക്കാലത്ത് സർക്കാരിനും പൊതു ജനത്തിനും ഉണ്ടാക്കുന്ന അധിക ബാദ്ധ്യത കൂടി കണക്കിലെടുക്കുമ്പോൾ ഒരു വർഷം എങ്കിലും കാലാവധി തികയ്ക്കാൻ കഴിയാത്ത ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യേണ്ടതാണ്.
ഇതിനെല്ലാം ഉപരി കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് അടുത്ത ഒരു വർഷത്തേക്കെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പടെയുള്ളവ ഒഴിവാക്കേണ്ടതാണെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിരീക്ഷണവും പരിഗണിക്കേണ്ടതാണ്.
രാജു അപ്സര (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന ജനറൽ സെക്രട്ടറി)
..........................................
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ഇലക്ഷൻ കമ്മിഷന്റെ തീരുമാനം പുന:പരിശോധിക്കണം. രണ്ട് നിയോജക മണ്ഡലങ്ങളിലുമായി തിരഞ്ഞെടുപ്പിനായി സർക്കാർ 15 കോടിയോളം രൂപയാണ് ചെലവഴിക്കേണ്ടത്. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ കർശനമായ നിയന്ത്രത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ കൂടുതൽ പ്രതിസന്ധിയിലാകും. കൊവിഡ് വ്യാപനം മൂലം ഭയചകിതരായ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ സ്വതന്ത്രമായി എത്തി വോട്ട് ചെയ്യാനുള്ള അവസരം ഇല്ലാതാകും. ഈ പ്രത്യേക സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാ
ക്കണം
വേളോർവട്ടം ശശികുമാർ (ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോ. ചെയർമാൻ)
ആസന്നമായ കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപേക്ഷിക്കണം.ഉപതിരഞ്ഞെടുപ്പിനായി ഇലക്ഷൻ കമ്മീഷന് മാത്രം ഏകദേശം 14 കോടിയോളം രൂപയാണ് ചിലവാകുന്നത്.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രചരണത്തിനായി ലക്ഷങ്ങൾ കണ്ടെത്തണം.കൊവിഡ് 19 വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.സർക്കാർ ചിലവഴിക്കുന്ന തുക ഇരു മണ്ഡലങ്ങളിലേയും വികസനത്തിനായി വിനിയോഗിക്കണം. പി.ഡി.ഗഗാറിൻ, (പ്രസിഡന്റ്, കണ്ടമംഗലം ക്ഷേത്രസമിതി)