s

 കൊവിഡ് പോസിറ്റീവ് സ്ത്രീകളുമായി ഇനി രാത്രിയാത്രയില്ലെന്ന് സർക്കാർ

ആലപ്പുഴ: കൊവിഡ് പോസിറ്റീവെന്ന അറിയിപ്പ് ലഭിച്ചാൽ, ആംബുലൻസെത്തി നിരീക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ രോഗികൾ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പല സ്ഥലങ്ങളിലും സ്ത്രീകളെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു (സി.എഫ്.എൽ.ടി.സി) കൂട്ടിക്കൊണ്ടുപോകാൻ ആംബുലൻസ് എത്തുന്നത് രാത്രി 10നു ശേഷമാണ്.

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ആലപ്പുഴയിൽ ഇത് തുടർക്കഥയാണ്. സ്ത്രീകളെ പകൽ സമയങ്ങളിൽ തന്നെ മാറ്റാറുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും, സത്യാവസ്ഥ മറിച്ചാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കൂട്ടിന് ആരോഗ്യപ്രവർത്തകരുണ്ടാവാറില്ല. ആരോഗ്യനില മോശമായവർക്കൊപ്പം മാത്രം ബന്ധുക്കളെ അനുവദിക്കും. പരിചിതമല്ലാത്ത കേന്ദ്രത്തിലേക്ക് നട്ടപ്പാതിരയ്ക്ക് ഒറ്റയ്ക്ക് ചെന്നിറങ്ങിയത് ഏറെ ആശങ്കപ്പെടുത്തിയെന്ന് സി.എഫ്.എൽ.ടി.സിയിൽ ദിവസങ്ങളോളം താമസിച്ചിരുന്ന ആലപ്പുഴ നഗരവാസിയായ യുവതി പറയുന്നു.

108 സർവീസിലെ ഒമ്പത് ആംബുലൻസുകൾ മാത്രമാണ് കൊവിഡ് ഡ്യൂട്ടിക്കുവേണ്ടി ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ നഴ്സിംഗ് ജോലികൾക്കായി ഏഴു വനിതാ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുണ്ടായിരുന്നു. കൊവിഡ് ഡ്യൂട്ടിക്ക് ആംബുലൻസ് മാറ്റിയതോടെ ഇവരെ ജോലിയിൽ നിന്നൊഴിവാക്കി.

..............................

 വേണോ നിലവിളി?

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ കൊണ്ടുപോകാൻ വരുന്നതിനു സമാന രീതിയിലാണ് കൊവിഡ് രോഗികളെ കയറ്റാനായി ആംബുലൻസുകൾ എത്താറുള്ളത്. ലൈറ്റിട്ട് വലിയ ശബ്ദത്തോടെ എത്തുന്ന വാഹനം കണ്ടപ്പോൾ തന്നെ ഭയന്നെന്ന് കൊവിഡ് മുക്തനായ യുവാവ് പറയുന്നു. തികച്ചും അടിയന്തരമല്ലാത്ത ഗണത്തിലാണ് കൊവിഡ് കേസുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോസിറ്റീവാണെന്ന അറിയിപ്പ് ലഭിച്ച് 10 മുതൽ 22 മണിക്കൂർ വരെ ആംബുലൻസ് കാത്ത് വീട്ടിലിരിക്കേണ്ടി വന്നവരുണ്ട്. ഇത്തരം ആളുകളെ കൊണ്ടുപോകുന്നതിന് എന്തിനാണ് 'നിലവിളി' ശബ്ദവും കോലാഹലങ്ങളുമെന്ന് കൊവിഡ് മുക്തർ ചോദിക്കുന്നു.

..............................................

 ടാക്സി വിളിക്ക്!

108 സർവീസിന് കീഴിലെ ഒമ്പത് ആംബുലൻസുകളാണ് കൊവിഡ് ഡ്യൂട്ടിയിലുള്ളത്. കൊവിഡ് മുക്തരെ വീടുകളിലെത്തിക്കുന്നതും ആംബുലൻസിലാണ്. ശബ്ദകോലാഹലങ്ങളുമായി രോഗമുക്തരെ വീട്ടിലിറക്കുന്നതോടെ അയൽവാസികൾ ഭയപ്പാടിലാവും. സഹകരിക്കാൻ മടിക്കും. കൊവിഡ് നെഗറ്റീവായവരെ വീടുകളിലെത്തിക്കാൻ ആംബുലൻസിനു പകരം മറ്റ് സംവിധാനങ്ങളെ ആശ്രയിക്കാവുന്നതേയുള്ളൂ. ഈ സമയത്ത് രോഗികൾക്കു വേണ്ടി ആംബുലൻസ് സേവനം പ്രയോജനപ്പെടുത്താനാവും.

............................................

കൊവിഡ് ബാധിച്ച സ്ത്രീകളെ പകൽ സമയത്താണ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ജില്ലയിൽ സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

(ആരോഗ്യവകുപ്പ് അധികൃതർ)

......................

കൊവിഡ് പോസിറ്റാവാണെന്ന് അറിഞ്ഞ് ഇരുപത് മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയത്. രാത്രി 10ന് ശേഷമാണ് യാതൊരു പരിചയവുമില്ലാത്ത സ്ഥലത്ത് കയറിച്ചെല്ലേണ്ടിവന്നത്. പകൽ വന്നാൽ ആളുകളെ പരിചയപ്പെടാനെങ്കിലും സാധിക്കും

(സി.എഫ്.എൽ.ടി.സിയിൽ കഴിയുന്ന രോഗി)

........................