ആലപ്പുഴ: കൊവിഡ് വ്യാപനവും നിർമ്മാണമേഖലയിലെ ഗുരുതര പ്രതിസന്ധിയും കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ അടുത്ത സാമ്പത്തിക വർഷത്തിലേയ്ക്ക് മാറ്റി വയ്ക്കുകയും കുട്ടനാട് ,ചവറ ഉപതിരഞ്ഞെടുപ്പുകൾ റദ്ദാക്കുകയും ചെയ്യണമെന്ന് ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഐ.എം.എ, കാൺപൂർ ഐ.ഐ.ടി തുടങ്ങിയവയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത് സെപ്റ്റംബർ ,ഒക്ടോബർ മാസങ്ങളിൽ കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ്. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം നിർമ്മാണ പ്രവർത്തികളുടെ താളം തെറ്റിക്കും. ഇവ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്കും സർക്കാരുകൾക്കും രാഷ്ട്രീയ കക്ഷികൾക്കും ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അറിയിച്ചു.