കെട്ടിട ഉടമ നിയമ നടപടിക്ക്
ആലപ്പുഴ: തോട്ടപ്പള്ളിയിലെ വാടകക്കെട്ടിടത്തിൽ 12 വർഷമായി പ്രവർത്തിക്കുന്ന പുറക്കാട് ഗവ. ഐ.ടി.ഐയുടെ വാടക കുടിശിക 4 ലക്ഷമായതോടെ കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ നിയമനടപടിക്ക് ഒരുങ്ങുന്നു.
കഴിഞ്ഞ അഞ്ചര വർഷത്തെ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഉടമയായ തോട്ടപ്പള്ളി പൊന്നൂസ് വില്ലയിൽ എസ്. പ്രേംജി പറഞ്ഞു. മൂന്നര വർഷത്തെ കുടിശിക തുകയായി 9 ലക്ഷം രൂപ ലഭിച്ചു. 2008ലെ കരാർ അനുസരിച്ച്, പൊതുമരാമത്ത് വകുപ്പ് നിർണ്ണയിക്കുന്ന വാടക ഓരോ വർഷവും നൽകണമെന്നായിരുന്നു വ്യവസ്ഥ. തുടക്ക വർഷത്തിൽ എടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു കെട്ടിടത്തിന് മാസം 11,000 രൂപയും ചെറിയ കെട്ടിടത്തിന് 6,000 രൂപയുമാണ് നിശ്ചയിച്ചത്. ഇതേ തുകയാണ് വാടക. ഇത് വർദ്ധിപ്പിക്കണമെന്നും കുടിശിക പൂർണ്ണമായും ലഭിക്കണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായും കെട്ടിടം ഉടമ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് വ്യവസായ വകുപ്പിനു ഐ.ടി.ഐ. 2008 നവംമ്പർ 25ന് മന്ത്രി ജി.സുധാകരനാണ് ഐ.ടി.ഐ ഉദ്ഘാടനം ചെയ്തത്. പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തി കൊടുക്കേണ്ട ചുമതല പുറക്കാട് ഗ്രാമപഞ്ചായത്തിനാണ്. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പുറക്കാട് പഞ്ചായത്ത് സമിതി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ 62 സെന്റ് വിട്ടുകൊടുക്കാൻ തീരുമാനമെടുത്തു. എന്നാൽ സ്ഥലം വിട്ടുകൊടുത്തെന്ന ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ നൽകിയാൽ മാത്രമേ സാങ്കേതിക വകുപ്പിന് ഏറ്റെടുക്കാൻ സാധിക്കൂ.
വിലങ്ങനെ കൊവിഡ്
പഞ്ചായത്ത് വിട്ടുകൊടുത്ത സ്റ്റേഡിയം വക സ്ഥലം തണ്ണീർത്തട നിയമപരിധിയിൽ പെടുന്നതാണ്. ഡാറ്റാബാങ്കിലെ നിലം കരഭൂമിയാക്കി കിട്ടാൻ ഐ.ടി.ഐ പ്രിൻസിപ്പൽ ആലപ്പുഴ ആർ.ഡി.ഒയ്ക്ക് അപേക്ഷ നൽകി. ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ ആർ.ഡി.ഒ അമ്പലപ്പുഴ തഹസീൽദാരോട് ആവശ്യപ്പെട്ടു. ഇതിനായി രണ്ട് സർവ്വെയർമാരെ ചുമതലപ്പെടുത്തിയെങ്കിലും കൊവിഡ് തടസമായി. മന്ത്രി ജി.സുധാകരൻ വിഷയത്തിൽ ഇടപെട്ടതോടെ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കോഴ്സുകൾ
വെൽഡിംഗ്, ഇന്റീരിയൽ ഡെക്കറേഷൻ ആൻഡ് ഡിസൈൻ (ഐ.ഡി.ഡി) എന്നീ കോഴ്സുകൾക്ക് 40 സീറ്റു വീതമാണ് അനുവദിച്ചിട്ടുള്ളത്. 20 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഓരോ കോഴ്സും ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തുന്നത്.
...................................
പുറക്കാട് ഗവ.ഐ.ടി.ഐക്ക് സ്വന്തം സ്ഥലവും കെട്ടിടവും മതിയായ അടിസ്ഥാന സൗകര്യവും ഒരുക്കാൻ 62 സെന്റ് വിട്ടു കൊടുത്തു. തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽപ്പെടുന്ന സ്ഥലമായതിനാൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പഞ്ചായത്തിലെ 8250 കുടുംബങ്ങളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട സാങ്കേതിക വിദ്യാഭ്യാസം നൽകാൻ കഴിയും. ഇപ്പോൾ വാടക ഇനത്തിൽ 9 ലക്ഷം രൂപ പഞ്ചായത്താണ് നൽകിയത്. സ്വന്തം കെട്ടിടം നിർമ്മിച്ചാൽ വാടകയിൽ നിന്ന് പഞ്ചായത്ത് ഒഴിവാകും.
റഹമ്മത്ത് ഹാമീദ്, പ്രസിഡന്റ്,
ഗ്രാമപഞ്ചായത്ത്, പുറക്കാട്
.......................................
പഞ്ചായത്ത് സ്റ്റേഡിയത്തിനായി വർഷങ്ങൾക്ക് മുമ്പ് നികത്തിയ സ്ഥലമാണ് ഐ.ടി.ഐക്ക് കെട്ടിടം നിർമ്മിക്കാൻ കണ്ടെത്തിയത്. സ്ഥലം വിട്ടുകൊടുക്കാൻ വകുപ്പുതല അനുമതിക്കായി ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാർശയോടെ ഡയറക്ടർക്ക് കഴിഞ്ഞ ജൂലായിൽ അയച്ചു
ജനിമോൻ,സെക്രട്ടറി,
ഗ്രാമപഞ്ചായത്ത്, പുറക്കാട്
...............................
ഹൈസ്‌കൂളും ഹയർ സെക്കൻഡറിയും ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. സാങ്കേതിക വിദ്യാലയങ്ങളുടെ ചുമതലയില്ല
ജി.വേണുഗോപാൽ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ.