കായംകുളം: കൃഷ്ണപുരം സാംസ്കാരിക വിനോദ കേന്ദ്രത്തിൽ ആരംഭിക്കുന്ന സാഹസിക വിനോദ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10.30 ന് എ.എം ആരിഫ് എം.പി നിർവഹിക്കും

ടൂറിസം വകുപ്പിൽ നിന്നും 93.91 ലക്ഷം രൂപ വിനിയോഗിച്ചാണ് സാഹസിക വിനോദ കേന്ദ്രം സ്ഥാപിക്കുന്നത്. സ്കൈ സൈക്കിളിംഗ്, സിപ്പ്ലൈൻ, ഫ്രീഫാൾ , ക്ലൈംബിംഗ് വാൾ തുടങ്ങി​യ സാഹസിക വിനോദങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രത്തിൻ്റെ നടത്തിപ്പ് ചുമതല ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനിയിരിക്കും .

കൃത്രിമ തടാകത്തിൽ പെഡൽ ബോട്ടുകൾ പ്രവർത്തിപ്പിച്ചും കൂടുതൽ വിനോദോപാധികൾ, മറ്റ്അനുബന്ധ സൗകര്യങ്ങൾ എന്നി​വ ഒരുക്കിയും വിനോദ കേന്ദ്രത്തെ ആകർഷവും ജനപ്രീയവുമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നടത്തി​പ്പ് ചുമതല. നൽകി​യിട്ടുള്ളത്. വാപ്കോസ് ലിമിറ്റഡ് കൊച്ചി എന്ന ഏജൻസിയാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല. സാംസ്കാരിക വിനോദകേന്ദ്രത്തിന് ചുറ്റുമതിൽ, കവാടങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് 3 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ യു പ്രതിഭ എം. എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ, ജില്ലാകളക്ടർ എ അലക്സാണ്ടർ, വാർഡ് കൗൺസിലർ കെ.കെ അനിൽകുമാർ, സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത്ത് ബാബു ആർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് കുമാർ ടി​. ജി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി മാലിൻ. എം തുടങ്ങിയവർ പങ്കെടുക്കും.