നാലു വള്ളങ്ങൾ പൂർണമായി തകർന്നു
അമ്പലപ്പുഴ: ഞായറാഴ്ച രാത്രിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് കാക്കാഴം ചാകര പ്രദേശത്ത് ആങ്കർ ചെയ്തിരുന്ന മാരുതി ,ആവേശം , പി.ഡബ്ല്യു, മഹാലക്ഷ്മി എന്നീ വള്ളങ്ങൾ പൂർണ്ണമായും നശിച്ചു. അവറാൻ ,കീർത്തി, ശക്തീശ്വരി എന്നീ വള്ളങ്ങളുടെ വലകളും നഷ്ടമായി. ആറാട്ടുപുഴയിൽ പമ്പാവാസൻ എന്ന ബോട്ട് പൂർണ്ണമായി തകർന്നു. പുന്നപ്ര ഭാഗത്ത് ക്യൂൻസി എന്ന വള്ളം കരയിൽ ഇടിച്ച് തകർന്നു.വ്യാപകമായ നഷ്ടമാണ് പ്രദേശത്തുണ്ടായത് .15 മീറ്ററിൽ കൂടുതൽ നീളമുള്ള വള്ളങ്ങൾക്ക് സർക്കാരിന്റെ ഇൻഷ്വറൻസ് ബാധകമല്ലാത്തതിനാൽ ഈ വള്ള ഉടമകൾക്കൊന്നും തന്നെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിയ്ക്കുകയില്ല. മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശം സന്ദർശിച്ച ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. വള്ളങ്ങളുടെ വലുപ്പം നോക്കാതെ എല്ലാ വള്ളങ്ങൾക്കും ഇൻഷ്വറൻസ് ബാധകമാക്കണമെന്നും ധീവരസഭ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ പി സി സി - ഒബിസി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.പ്രഭുകുമാർ, വി.ആർ.രജിത്ത് എന്നിവരും സ്ഥലം സന്ദർശിച്ചു.