കുട്ടനാട്: വെള്ളപ്പൊക്ക ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ പലതും സമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് കുട്ടനാട്ടിലെ പാടശേഖരസമിതികൾ കടക്കെണിയിൽ. 2015 മുതലുള്ള പ്രൊഡക്ഷൻ ഇൻസെന്റീവിന് പുറമെ 2019 മുതലിങ്ങോട്ടുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷിവകുപ്പ് വാഗ്ദാനം ചെയ്ത ആനൂകൂല്യങ്ങളും യഥാസമയം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നതാണ് ഇവരുടെ പരാതി.
ഓരോ പാടശേഖരസമിതിക്കും ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കാനുള്ളത്. പുറംബണ്ടുകളിൽ വൻതോതിൽ മണൽച്ചാക്ക് അടുക്കിയും മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചുമാണ് പല പാടശേഖരങ്ങളും മടവീഴ്ചയിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ സമയത്ത് പാടശേഖരത്ത് പെട്ടെന്ന് നിറയുന്ന വെള്ളം വറ്റിക്കുന്നതിനായി പ്രത്യേക പമ്പ് സെറ്റുകൾ പ്രവർത്തിപ്പിച്ച വകയിൽ ഡീസലിനും മണ്ണെണ്ണയ്ക്കും മറ്റുമായും വൻതുക മുടക്കിയതായും പാടശേഖര സമിതി പ്രവർത്തകർ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലും കൃഷി സംരക്ഷിക്കുന്നതിനായി തങ്ങളുടെ കൈയിൽ നിന്ന് പതിനായിരക്കണക്കിന് രൂപ ഇവർ ചെലവാക്കി. ഓരോ കൃഷിക്കും സർക്കാർ പ്രഖ്യാപിക്കുന്ന പ്രൊഡക്ഷൻ ഇൻസെന്റീവ് മുടങ്ങിയിട്ട് ഇപ്പോൾ അഞ്ചുവർഷമായി. ഒരു വർഷം മുമ്പ് രണ്ടു കൃഷിയുടെ ആനുകൂല്യം അനുവദിച്ചതായി കൃഷിഭവനുകളിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ആ തുക പാടശേഖര സമിതികളുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ല . 2017ൽ അമിതമായി വരിനെല്ല് ഉണ്ടായ സാഹചര്യത്തിൽ ഹെക്ടർ ഒന്നിന് പതിനായിരം രൂപ പ്രകാരം കർഷകർക്ക് നൽകുമെന്ന് കൃഷി മന്ത്രി പ്രത്യേക ഉറപ്പ് നൽകിയിരുന്നെങ്കിലും അതും ഇതുവരെ ലഭിച്ചിട്ടില്ല.