ആലപ്പുഴ : ഓൺലൈനിലൂടെ ഫുട്ബാൾ നേരിട്ട് കളിക്കാനാവില്ലെങ്കിലും കളിയുടെ ബാലപാഠങ്ങൾ പഠിക്കാൻ അവസരമൊരുക്കുകയാണ് കുടുംബശ്രീ. കൊവിഡ് ഒഴിയുന്ന കാലത്ത് ഓഫ് സൈഡും, ത്രോയും, പെനാൽറ്റി കിക്കും, ഫ്രീ കിക്കുമൊക്കെ മനസിലാക്കി കളി തുടങ്ങാം. കാൽപ്പന്തു കളി മാത്രമല്ല ചെസും, നാടകവും, ചലച്ചിത്ര സംവിധാനവും വീട്ടിലിരുന്ന് മനസിലാക്കാൻ അവസരമുണ്ടാകും. ബാലസഭാംഗങ്ങളായ കുട്ടികൾക്ക് വേണ്ടിയാണ് ഓൺലൈൻ കലാ- കായിക പരിശീലനം ആരംഭിക്കുന്നത്.

കായികരംഗത്തെയും, കലാരംഗത്തെയും പ്രഗത്ഭർ ക്ലാസ് നയിക്കും. കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് പുറമേ, മറ്റ് കുട്ടികൾ കൂടി ഉൾപ്പെട്ട കൂട്ടായ്മയാണ് ബാലസഭ. കഴിഞ്ഞ വ‌ർഷങ്ങളിൽ ബാലസഭയിലെ കുട്ടികൾ തയ്യാറാക്കിയ നാടകം നിരവധി വേദികളിൽ അരങ്ങേറിയിരുന്നു. കായിക പരിശീലനം നേടിയ കുട്ടികൾ സെവൻസ് ഫുട്ബോളിന്റെ ഭാഗമായി കളിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം കൊവിഡ് വന്നതോടെ പരിശീലനം നടത്താനായില്ല. കൂടാതെ, ഓൺലൈൻ പഠനത്തിന്റെ വിരസതയിൽ നിന്ന് കുട്ടികൾക്ക് ഒരാശ്വാസമായി വിനോദമാർഗങ്ങൾ കൂടി വേണമെന്ന ചിന്തയിൽ നിന്നാണ് ബാലസഭയുടെ പ്രവർത്തനങ്ങൾ ഓൺലൈനിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. കലയിലും, കായികയിനത്തിലും അറിഞ്ഞിരിക്കേണ്ട സാങ്കേതിക വശങ്ങളും, ചരിത്രവുമാകും ക്ലാസിൽ ഉൾപ്പെടുത്തുക.

ഓൺലൈൻ ക്ളാസ്

15 മുതൽ 20 മിനിട്ട് വരെയാകും ഓരോ വീഡിയോ ക്ലാസും.

രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം

ഈ മാസം 20ന് രജിസ്ട്രേഷൻ ആരംഭിക്കും.

............................

ഓൺലൈൻ വിഷയങ്ങൾ

കാമറ ഷോട്ടുകൾ, ആംഗിളുകൾ, സംവിധാനം, എഡിറ്റിംഗ്, തിരക്കഥ, നാടകം, ഫുട്ബോൾ, ചെസ്, ശാസ്ത്രാവബോധം

........................

ബാലസഭയിലെ അംഗങ്ങൾക്ക് വിവിധ കലാകായിക പരിശീലനങ്ങൾ നൽകിവരുന്നതിനിടെയായിരുന്നു ലോക്ക് ഡൗൺ എത്തിയത്. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ കലാ,കായിക പരിശീലനത്തിന് ചുവടുവെയ്ക്കുന്നത്

- കുടുംബശ്രീ അധികൃതർ