ഹരിപ്പാട്: മുതുകുളം ഉമ്മർമുക്ക് കണ്ണാട്ട്-സംഗമം റോഡ് നിർമാണം പൂർത്തിയായി. ദീർഘനാളത്തെ ദുരിതങ്ങൾക്കൊടുവിലാണ് റോഡ് നിർമിച്ചത്. റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് പ്രദേശവാസികളും മുതുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയതിനെത്തുടർന്ന് രമേശ് ചെന്നിത്തല ഒരു കോടി രൂപ അനുവദിച്ചു.
ടെൻഡർ ഉൾപ്പടെയുള്ള ജോലികൾ കഴിഞ്ഞെങ്കിലും കരാറുകാരൻ പണികൾ തുടങ്ങാതെ നീട്ടിക്കൊണ്ടു പോയി. കായംകുളം പി.ഡബ്ള്യു.ഡി എ.ഇ ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. ജനപ്രതിനിധികൾ സമരം ചെയ്തു. പ്രതിപക്ഷനേതാവ് ഉദ്യോഗസ്ഥരോട് ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കിയില്ലെങ്കിൽ നിയമസഭാ പെറ്റിഷൻ കമ്മിറ്റിക്ക് പരാതി നൽകുമെന്ന് അറിയിച്ചു. തുടർന്ന് കരാറുകാരനോട് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ തുടർന്നാണ് പണി പൂർത്തിയാക്കിയത്.