ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിൽ ആരോഗ്യ വകുപ്പ് ഗുരുതരമായ വീഴ്ച വരുത്തുന്നു. കൊവിഡ് പോസിറ്റീവായി 52 മണിക്കൂറുകൾക്ക് ശേഷമാണ് പള്ളിപ്പാട്ടെ ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റവന്യു, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ജില്ലാകലക്ടറോട് ഫോണിൽ ആവശ്യപ്പെട്ടു. ഹരിപ്പാട് മാധവ ജംഗ്ഷനിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മഴക്കാലത്തുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ വീട്, കൃഷി എന്നിവയ്ക്ക് നാശം സംഭവിക്കുന്നവർക്ക് നൽകുന്ന സർക്കാർ ധനസഹായം യഥാസമയങ്ങളിൽ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യ, കയർ മേഖലയിലുള്ളവർക്ക് പ്രത്യേക പാക്കേജ് നൽകണമെന്നും ഇതു സംബന്ധി​ച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.