മാവേലിക്കര: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനത്തിന് പിന്നാക്ക സമുദായങ്ങളിലെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് ശ്രീനാരായണ സാംസ്‌കാരികസമിതി ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പിന്നാക്ക വികസനവകുപ്പിന് കൊല്ലം, പാലക്കാട് ജില്ലകളിൽ ആരംഭിക്കുമെന്ന് സർക്കാർ ഒരു വർഷം മുൻപ് നിയമസഭയിൽ പ്രഖ്യാപിച്ച ജില്ലാ ഓഫിസുകൾ ആരംഭിക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് പരമാവധി നിയമനം നടത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊല്ലം കേന്ദ്രമാക്കി ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ ആരംഭിക്കുവാൻ തീരുമാനിച്ച സർക്കാരിനെ യോഗം അഭിനന്ദിച്ചു. മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാന് കാബിനറ്റ് റാങ്ക് അനുവദിച്ചതുപോലെ പിന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാനും കാബിനറ്റ് റാങ്ക് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമിതി ജില്ലാ പ്രസിഡന്റ് കെ.കെ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ്.ജെ ബാബു, വൈസ് പ്രസിഡന്റ് ആർ.മനോഹരൻ, മേഖല സെക്രട്ടറി അഡ്വ.എൽ.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെ.അരുൺദേവ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി സുദർശനൻ നന്ദിയും പറഞ്ഞു.