ചേർത്തല : എസ്.എൻ.ട്രസ്​റ്റ് ഭാരവാഹി തിരഞ്ഞെടുപ്പി​ന്റെ ആദ്യ ഘട്ടത്തി​ൽ 8 മേഖലകളിൽ ട്രസ്റ്റ് സെക്രട്ടറി വെളളാപ്പളളി നടേശൻ നയിക്കുന്ന പാനലിന് എതിരില്ല.രണ്ട് ഇടത്ത് മാത്രമാണ് മത്സരം .18 നാണ് ആദ്യഘട്ടം തിരഞ്ഞെടുപ്പ് . കണ്ണൂർ,കോഴിക്കോട്,ആലത്തൂർ,നാട്ടിക,നങ്ങ്യാർകുളങ്ങര,പുനലൂർ,വർക്കല,ചെമ്പഴന്തി എന്നിവി​ടങ്ങളിലാണ് വെളളാപ്പളളി നയിക്കുന്ന ഔദ്യോഗിക പാനലിന് എതിരില്ലാത്തത്.

ചേർത്തല,കൊല്ലം എന്നിവി​ടങ്ങളിലാണ് മത്സരം.പത്ത് മേഖലകളിൽ നിന്നുളള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുക. ഇതിനുളള നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും പിൻവലിക്കലും ഇന്നലെ പൂർത്തിയായപ്പോഴാണ് 8 റീജി​യണുകളിൽ വെളളാപ്പള്ളി​ പാനൽ എതിരില്ലാതെ വിജയിച്ചത്. ചേർത്തലയിൽ 45 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്.ഇവിടെ ഔദ്യോഗിക പാനലിന് എതിരെ 3 പേർ മത്സരരംഗത്തുണ്ട്.കൊല്ലത്ത് 111 പേരെ തിരഞ്ഞെടുക്കണം.ഇവിടെ 77 പേർ ഔദ്യോഗിക പാനലിനെതിരെ രംഗത്തുണ്ട്. മൂന്ന് ഘട്ടങ്ങളായുളള്ള തിരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ടം ഈ മാസം 26 ന് നടക്കും. ഒക്ടോബർ 8 നാണ് ഭാരവാഹി തിരഞ്ഞെടുപ്പ് .