കായംകുളം : സംസ്ഥാനത്തുള്ള സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നേരത്തെ സർക്കാരിന്റെ കീഴിലുള്ള 154 അതിഥി മന്ദിരങ്ങളുടെ വരുമാനം 2 കോടി മാത്രം ആയിരുന്നു. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇവിടങ്ങളിലെ സൗകര്യങ്ങൾ മികച്ചതാക്കി വരുമാനം ഇന്ന് 16 കോടിയിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും 25കോടി വരുമാനമാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി​ പറഞ്ഞു. പുനർനിർമ്മിച്ച കായംകുളം റസ്റ്റ് ഹൗസ് നാടിന് സമർപ്പി​ക്കുകയായി​രുന്നു മന്ത്രി​. ചടങ്ങിൽ യു. പ്രതിഭ എം. എൽ. എ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ്‌ എം. പി കത്തിലൂടെ ആശംസ അറിയിച്ചു. കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ, പൊതുമരാമത്തു കെട്ടിട്ട വിഭാഗം ചീഫ് എൻജി​നീയർ ഹൈജീൻ ആൽബർട്ട്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.