കായംകുളം: സിയാദ് വധവുമായി ബന്ധപ്പെട്ട് എരുവ കോയിക്കപ്പടി ജംഗ്ഷനിൽ സിയാദിന്റെ സുഹൃത്ത് റജീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എരുവ കൊയ്ക്കപ്പടിക്ക് പടിഞ്ഞാറ് ജിജീസ് വില്ലയിൽ ആഷിക് എന്ന തക്കാളി ആഷിക്കിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
സിയാദിന്റെ കൊലപാതകത്തിന് ശേഷം കൊലക്കേസിൽ പ്രതികളായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ്, ഫസീല മൻസിൽ വിളക്ക് ഷഫീക്ക് എന്നിവർക്കൊപ്പം ചേർന്ന് എരുവ കൊയ്ക്കപ്പടി ജംഗ്ഷനിൽ വച്ച് സിയാദിന്റെ സുഹൃത്ത് റജീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചാം പ്രതിയാണ് തക്കാളി ആഷിക്.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ ആഷിക്, പൊലീസ് തിരയുന്നതിനിടെയിൽ കഴിഞ്ഞ മാസം 26 ന് കോടതിയിൽ ഹാജരാകുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്നാണ് മൂന്ന് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. വെറ്റ മുജീബ്, വിളക്ക് ഷഫീക്ക് തക്കാളി ആഷിക്ക് എന്നിവരെ കൂടാതെ ഈ കേസിൽ പ്രതികളായ എരുവ ചെറുകാവിൽ വിഠോബ ഫൈസൽ എരുവ ലൈലമൻസിലിൽ അൻവർഷ, എരുവ കണിയാപറമ്പിൽ അബുമോൻ, കായംകുളം മേടമുക്ക് പഴയത്തിൽ വീട്ടിൽ ഷാമോൻ, പുത്തൻകണ്ടത്തിൽ അബ്ദുൾ റഹ്മാൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.