ചേർത്തല: കാറിൽ മദ്യം കടത്തിയതിന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പിടിയിലായ സംഭവത്തിൽ എക്സൈസ് വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആദ്യപടിയായി എക്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർത്തല ഡിവൈ.എസ്.പി ഓഫീസിലെത്തി കേസ് ഡയറികൾ പരിശോധിച്ചു. മികച്ച പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് ഉൾപ്പെടെ നേടിയ ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് വിജിലൻസ് വിഭാഗം അന്വേഷണത്തിന് എത്തിയത്. വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ തിരുവനന്തപുരം പേരൂർക്കട സ്വദേശി ബി.എൽ.ഷിബുവിനെയാണ് കാറിൽ ആറേമുക്കാൽ ലി​റ്റർ മദ്യവുമായി വാഹന പരിശോധനയ്ക്കിടെ ഞായറാഴ്ച ഉച്ചയോടെ ചേർത്തല പൊലീസ് പിടികൂടിയത്. ഓണം ഡ്യൂട്ടിക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സി.ഐ. കാറിൽ സ്പിരിറ്റുമായി വരുന്നുവെന്ന ജില്ലാ നർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹനം പിന്തുടർന് ഉദ്യോഗസ്ഥർ ചേർത്തല പൊലീസ് സ്‌​റ്റേഷന് സമീപം വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മദ്യം പേപ്പറിൽ പൊതിഞ്ഞ് കാർഡ് ബോർഡ് കവറിൽ ഡ്രൈവറുടെ പിൻ സീ​റ്റിൽ വച്ചിരിക്കുകയായിരുന്നു.

മികച്ച പ്രവർത്തനത്തിന് 2010ൽ മുഖ്യമന്ത്രിയുടെ അവാർഡും നിരവധി ഗുഡ് സർവീസ് എൻട്രികളും ലഭിച്ച ഉദ്യോഗസ്ഥനാണ് ഷിബു. രണ്ട് ദിവസം മുമ്പ് രണ്ട് കിലോ കഞ്ചാവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഇദ്ദേഹത്തിന്റെ കാറിലേക്ക് മദ്യം എത്തിച്ച എറണാകുളത്തെ എക്സൈസ് സി.ഐ ടെനിമോന്റെയും ഇത് വാഹനത്തിൽ വച്ച ഓഫീസിലെ ജീവനക്കാരന്റെയും മൊഴിയെടുക്കാനായി ഇന്ന് ചേർത്തല പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ചേർത്തല ഡിവൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു.