ആലപ്പുുഴ: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം (കണ്ടെയിൻമെന്റ് സോണുകൾ ഒഴികെ) രാവിലെ 7 മുതൽ രാത്രി 8 വരെയാക്കി. ഹോട്ടലുകളിൽ എത്തുന്നവർക്ക്, ഇത്രയും സമയ പരിധിക്കുള്ളിൽ സ്ഥാപനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി. രാവിലെ 7 മുതൽ രാത്രി 8 വരെയുള്ള പാഴ്‌സൽ വിതരണം 9 വരെ ദീർഘിപ്പിക്കാനും ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു.
നിലവിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്ന സെഞ്ചുറി ഹോസ്പിറ്റൽ കൊവിഡ് കെയർ ആശുപത്രിയായി ഉയർത്താൻ അനുമതി നൽകി.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സി.എഫ്.എൽ.ടി.സികളായി ഏറ്റെടുത്തിരുന്ന പി.എം. ആശുപത്രി, എൽമെക്സ് ആശുപത്രി, മാധവ ആശുപത്രി, കാംലോട്ട് കൺവൻഷൻ സെന്റർ എന്നിവയിൽ ആവശ്യമായ കാര്യങ്ങൾ ഒരുക്കാൻ ദേശീയ ഹെൽത്ത് മിഷനെ ചുമതലപ്പെടുത്തിയ ഉത്തരവ് യോഗം അംഗീകരിച്ചു. കെൽട്രാക്ക് എന്ന സ്ഥാപനം നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികൾ പുനരാരംഭിക്കാൻ 21ന് ശേഷം അനുമതി നൽകും. പ്രതിദിന കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ ഡി.എം.ഒയെ യോഗം ചുമതലപ്പെടുത്തി. കളക്ടർ എ.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.