ആലപ്പുഴ: കൊവിഡ് പ്രശ്നങ്ങളുടെ കൊടിയ ദുരിതങ്ങൾക്കിടയിലും സ്ത്രീ സുരക്ഷയ്ക്കായിട്ടുള്ള മിത്രയുടെ 181 എന്ന നമ്പർ തിരക്കിലാണ്.
ലോക്ക് ഡൗൺ കാലയളവിൽ മിത്രയിലേക്ക് സഹായം തേടി വിളിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്. 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെ വിളിച്ചത് 16,465 പേരാണ്. സ്ത്രീകൾ മാത്രമല്ല കുട്ടികളും ഇതിലുൾപ്പെടും. 2019 സെപ്റ്റംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് 8,372 പേരാണ് സഹായം തേടി വിളിച്ചത്. എന്നാൽ ലോക്ക് ഡൗണിൽ വീടുകളിൽ കഴിയേണ്ടിവന്നതിനാൽ ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച വിളികളിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആറുമാസത്തിനിടെ ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച 2875 കോളുകളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ (പോക്സോ കേസുകൾ ഉൾപ്പടെ) 179 കോളുകളുമാണ് വന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇതരസംസ്ഥാന തൊഴിലാളികളുൾപ്പടെയുള്ളവർക്ക് ‘മിത്ര’ സഹായിയായിരുന്നു. 24 മണിക്കൂറാണ് പ്രവർത്തനം. 2017 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ‘മിത്ര’യുടെ ആശ്രയം തേടി എത്തിയത് ലക്ഷക്കണക്കിന് കോളുകളാണ്.
'മിത്ര'
സ്ത്രീസുരക്ഷ ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാർ കോൾ സെന്ററിന്റെ പ്രവർത്തിനമാരംഭിച്ചത്. ഗാർഹിക പീഡനം, പൊതുസ്ഥലത്തെ ശല്യംചെയ്യൽ, അശ്ലീല സംഭാഷണം, പരസ്യ മദ്യപാനം, കുട്ടികളെ പീഡിപ്പിക്കൽ, സ്ത്രീകളെ കാണാതാകൽ തുടങ്ങിയ സുരക്ഷയും അന്തസും ചോദ്യംചെയ്യപ്പെടുന്ന ഏതു ഘട്ടത്തിലും സ്ത്രീകൾക്ക് സഹായം നൽകും.തിരുവനന്തപുരം ടെക്നോപാർക്കിലാണ് മിത്ര 181ന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പൊലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളുടെ സഹായവും മിത്രയ്ക്കുണ്ട്. അതിനാൽ സംസ്ഥാനത്തിന്റെ ഏത് കോണിൽനിന്ന് വിളിച്ചാലും ഉടനടി ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകി സഹായം നൽകാൻ കഴിയും. ഓരോ കോളിന്റെയും സ്വഭാവത്തിനനുസരിച്ചായിരിക്കും മിത്രയുടെ ഇടപെടൽ. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഫോണിലൂടെയും അല്ലാതെയും കൗൺസിലിംഗ് നൽകാറുണ്ട്.
...........................
കാലയളവ് --- ആകെ കോളുകൾ --- ഗാർഹിക പീഡനങ്ങൾ ---കുട്ടികൾക്കെതിരെയുള്ളവ
* 2019 സെപ്റ്റംബർ മുതൽ 2020 ഫെബ്രുവരി വരെ 8,372 1599 131
* മാർച്ച് മുതൽ ഓഗസ്റ്റ് വരെ 16,465 2878 179
..............................
ഏപ്രിൽ മുതൽ ഇതുവരെ കോളുകളുടെ എണ്ണത്തിൽ വൻ വർദ്ധന. ഗാർഹിക പീഡനങ്ങളെപ്പറ്റിയുള്ളതാണ് ഏറെയും. സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായി വരുന്ന എല്ലാ പിന്തുണയും സഹായവും നൽകി വരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലും സഹായം ആവശ്യപ്പെടുന്നവർക്ക് എല്ലാം വേണ്ടവിധത്തിൽ ചെയ്യാൻ കഴിയുന്നുണ്ട്. - എം.എ. ദിവ്യ, മാനേജർ, മിത്ര കോൾ സെന്റർ