ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്കിലെ കവർച്ചയ്ക്ക് വഴി ഒരുക്കിയത് ഭരണസമി​തിയുടെ ഗുരുതരമായ വീഴ്ച്ചയാണന്ന് സി.പി.ഐ കരുവാറ്റ ലോക്കൽ കമ്മി​റ്റി ആരോപിച്ചു . ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും നിക്ഷേപങ്ങളും സൂക്ഷിക്കാനുള്ള ബാങ്കിന്റെ പരിമിതികൾ സഹകാരികൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സുരക്ഷയ്ക്ക് വേണ്ടി നടപടി സ്വീകരിക്കാൻ ഭരണ സമി​തി തയ്യാറായി​ല്ല. ഭരണസമി​തിയുടെ ധിക്കാരപരമായ സമീപനമാണ് കവർച്ചക്ക് കാരണമെന്നും കവർച്ചയുടെ അന്വേഷണത്തോടൊപ്പം ബാങ്ക് ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സി. പി. ഐ ആവശ്യപ്പെട്ടു. ലോക്കൽ കമ്മി​റ്റി സെക്രട്ടറി പി. മുരളി കുമാർ, രാമചന്ദ്രൻ, പി വി ജയപ്രസാദ് എന്നിവർ സംസാരിച്ചു.