അമ്പലപ്പുഴ:അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച വള്ളങ്ങളുടെ ഉടമകൾക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കും കത്ത് നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതോടൊപ്പം അടിയന്തിര സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലും കാറ്റിലും പെട്ട് അമ്പലപ്പുഴ തീരത്ത് 9 വള്ളങ്ങള്‍ക്ക് നാശമുണ്ടായി. 4 വള്ളങ്ങള്‍ പൂര്‍ണ്ണമായി തകർന്നു. വലകളും എൻജിനും എല്ലാവര്‍ക്കും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായം നല്‍കാന്‍ ഫിഷറീസ് വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭിക്കാനുള്ള മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഓഫീസ് സെക്രട്ടറി സംഭവം നടന്ന സ്ഥലത്ത് അന്നുതന്നെ എത്തി വിവരങ്ങൾ ശേഖരിച്ചു.നഷ്ടം തിട്ടപ്പെടുത്തി ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും പുതിയത് വാങ്ങാൻ മത്സ്യഫെഡില്‍ നിന്നു വായ്പ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.