photo

ചേർത്തല : ചേർത്തലയിൽ എക്‌സൈസിന് പുതിയതായി​ നി​ർമ്മി​ച്ച കെട്ടിട സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും.സ്വകാര്യ ബസ്​റ്റാൻഡിന് സമീപം എ.എസ് കനാൽ തീരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന റെയ്ഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചാണ് മൂന്നു നിലകളിലായി ഓഫീസ് മന്ദിരം നിർമ്മിച്ചത്.2.18 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഒന്നാം നിലയിൽ റെയ്ഞ്ച് ഓഫീസും രണ്ടാം നിലയിൽ എക്‌സൈസ് സർക്കിൾ ഓഫീസും പ്രവർത്തിക്കും.താഴത്തെ നില ഓഫീസ് വാഹനങ്ങളും മ​റ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിനുമായി ഉപയോഗിക്കും.ഇന്ന് രാവിലെ 9.30ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ മുഖ്യാതിഥിയാകും.അഡ്വ.എ.എം.ആരിഫ് എം.പി,അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ,ജില്ലാ കളക്ടർ എ.അലക്സാണ്ടർ,വിവിധ രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.എക്സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.കെ.അനിൽകുമാർ നന്ദിയും പറയും.

രാജഭരണകാലത്തെ കെട്ടിടത്തിൽ നിന്ന് ജനാധിപത്യ ഭരണകാലത്തിലേയ്ക്ക്

രാജഭരണകാലത്ത് നിർമ്മിച്ച ഓടുമേഞ്ഞ കെട്ടിടത്തിലാണ് 2018 വരെ എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കത്താൽ മേൽക്കൂര തകർന്ന് ചോർന്നൊലിക്കുന്നത് മൂലം ഓഫീസിലെ പല വിലപ്പെട്ട രേഖകളും കേസിന്റെ ഫയലുകളും നശിക്കുന്ന അവസ്ഥയിലായ സാഹചര്യത്തിലാണ് വകുപ്പ് പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിനായി ആവശ്യം ഉന്നയിച്ചത്.റെയ്ഞ്ച് ഓഫീസിൽ മൂന്നു വനിത ഗാർഡുമാർ ഉൾപ്പെടെ 22 പേരാണ് ജോലി ചെയ്തിരുന്നത്.ആകെ 16 സെന്റ് വിസ്തൃതിയുള്ള സ്ഥലത്ത് അസൗകര്യങ്ങളുടെ നടുവിലാണ് ഓഫീസ് പ്രവർത്തനം നടത്തിയിരുന്നത്.തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനും പിടികൂടുന്ന പ്രതികളെ താത്കാലിമായി പാർപ്പിക്കുന്നതിനും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതോടെ അസൗകര്യങ്ങൾക്കെല്ലാം പരിഹാരമാകും.2018 ഏപ്രിലിലാണ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി നിർമ്മാണം ആരംഭിച്ചത്.പൊതുമരാമത്ത് വകുപ്പിന്റെ മികവാർന്ന പ്രവർത്തനം രണ്ടര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായി.