ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാത്തത് മൂലം സ്രാങ്ക് തസ്തികയ്ക്ക് അർഹതപ്പെട്ട വിദ്യാഭ്യാസ യോഗ്യത ലഭിക്കാത്തതിനെതിരെ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ സ്രാങ്ക് അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ തുറമുഖ വകുപ്പിലെ കേരളാ ഇൻലാന്റ് വെസൽ നിയമമാണ് നിലനിൽക്കുന്നത്. നിയമപ്രകാരം സ്രാങ്ക് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാത്തതിനാൽ സ്രാങ്ക് തസ്തികയ്ക്ക് അർഹതപ്പെട്ട വിദ്യാഭ്യാസ യോഗ്യത ലഭിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ജലഗതാഗത വകുപ്പിൽ 11ാം ശമ്പള പരിഷ്‌ക്കരണ ചർച്ചകൾ ആരംഭിച്ചു. ഇതുവരെയുള്ള ശമ്പള പരിഷ്‌ക്കരണങ്ങളിൽ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡത്തില്ലായിരുന്നു ശമ്പള സ്‌കെയിൽ ഫിക്‌സ് ചെയ്തിരുന്നത്. . ജല ഗതാഗത വകുപ്പിൽ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാത്തത് മൂലം സ്രാങ്ക് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയാണ് ഇപ്പോഴും നിലനിൽക്കുന്നത്.

യോഗത്തിൽ പ്രസിഡന്റ് സി.ടി.ആദർശ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി എം.സി.മധുക്കുട്ടൻ, ട്രഷറർ എസ്.സുധീർ, ജോയിന്റ് സെക്രട്ടറി അനൂപ് ,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ, സംശുദ്ധീൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.എം.സുമേഷ്, ബി.എസ്.റ്റോൺ, സി.എൻ.ഓമനകുട്ടൻ, വി.സിദ്ധാർത്ഥൻ,വി.ബൈജു തുടങ്ങിയവർ സംസാരിച്ചു.