s

ആലപ്പുഴ: കൊവിഡ് പരിശോധനയ്ക്ക് ജനങ്ങൾ സ്വകാര്യ ലാബുകളെ വ്യാപകമായി ആശ്രയിച്ചു തുടങ്ങിയതോടെ സർക്കാർ കൊണ്ടുവന്ന പൊതു പരിശോധനാ നിരക്ക് ചില സ്വകാര്യ ലാബുകൾ കാറ്റിൽ പറത്തുന്നു. ആൻറിജൻ പരിശോധനയ്ക്ക് 650 രൂപയും ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2750 രൂപയുമാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്ന പരമാവധി നിരക്ക്. എന്നാൽ ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ലാബുകളിലും അമിത നിരക്കാണ് ഈടാക്കുന്നത്. ആൻ്റിജൻ ടെസ്റ്റിന് 850 രൂപയും, ആർ.ടി.പി.സി.ആറിന് മൂവായിരം രൂപ വരെയും ഈടാക്കുന്നു. ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കായി അഡ്മിഷൻ എടുക്കുന്നതിന് കൊവിഡ് പരിശോധനാ ഫലം നിർബന്ധധമാണ്. നാട്ടിൽ നിന്ന് തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുന്നവർക്കും കൊവിഡ് പരിശോധനാ ഫലം വേണ്ടിവരുന്നു. സർക്കാർ ലാബുകളെ അപേക്ഷിച്ച്, ഫലം ലഭിക്കാനുള്ള വേഗത മൂലം അത്യാവശ്യക്കാർ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ഈ അവസരം മുതലാക്കി ലാബുകാർ കൊയ്ത്തിന് ശ്രമിക്കുകയാണെന്നാണ് ആക്ഷേപം . പരാതികൾ ഉയർന്നിട്ടും ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. സ്വകാര്യ ലാബുകളിൽ പരമാവധി ഒരു മണിക്കൂർ സമയം കൊണ്ട് ആൻ്റിജൻ ഫലം ലഭിക്കും. എന്നാൽ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി അടക്കം സർക്കാരിൻ്റെ ലാബുകളിൽ പല ദിവസങ്ങളിലും ടെസ്റ്റ് നടക്കാത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു.

......

പരിശോധന - സർക്കാർ നിർദേശിച്ച നിരക്ക് - സ്വകാര്യ ലാബുകൾ വാങ്ങുന്ന നിരക്ക്

ആൻറിജൻ - 750 - 850

ആർ.ടി.പി.സി.ആർ - 2750- 3000

........

സ്വകാര്യ ലാബുകൾ അമിത തുക ഈടാക്കാൻ പാടില്ല. പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും - ജില്ലാ കളക്ടർ