 ഓട്ടം മുഴുവൻ നഷ്ടത്തിലേക്ക്

ആലപ്പുഴ: കൊവിഡിനെ തുടർന്ന് നഷ്ടത്തിലോടുന്ന സ്വകാര്യബസുകൾ വിൽക്കാനൊരുങ്ങി ഉടമകൾ. ലോക്ക് ഡൗണിനു ശേഷം നിരത്തിലിറങ്ങിയ സ്വകാര്യ ബസുകൾ കനത്ത നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. ഇന്ധനം, ടയർ, സ്‌പെയർ പാർട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ ഭീമമായ ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ജില്ലയിൽ 450 ബസുകളാണ് ലോക്ക് ഡൗണിന് മുമ്പ് സർവീസ് നടത്തിയിരുന്നത്. നിലവിൽ പകുതി ബസുകൾ പോലുമില്ല. ലാഭകരമായ രീതിയിൽ സർവ്വീസ് നടത്താൻ നിർവ്വാഹമില്ലാത്തതിനാൽ ബസുകൾ വി​റ്റഴിക്കാതെ നിവൃത്തിയില്ലെന്നാണ് ഉടമകൾ പറയുന്നത്. ആലപ്പുഴ നഗരത്തിലൂടെ കടന്നുപോകുന്ന ഇരട്ടക്കുളങ്ങര-ആലപ്പുഴ, കലവൂർ- ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ, മണ്ണഞ്ചേരി- കടപ്പുറം റൂട്ടിലായി ഇപ്പോൾ സർവീസ് നടത്തുന്നത് 15 ബസുകൾ മാത്രമാണ്. നിത്യേനയുള്ള ഇന്ധനച്ചെലവ് പോലും ലഭിക്കാറില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.

സെക്കന്റ് ഹാൻഡ് ബസുകൾക്ക് വില ഇടിയുകയാണ്. സംസ്ഥാന വ്യാപകമായി വില്പന വർദ്ധിച്ചതോടെയാണ് വില കുറയാൻ തുടങ്ങിയത്. എന്നിട്ടും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകൾ പറയുന്നു. ആഗസ്​റ്റിൽ മാത്രം സംസ്ഥാനത്ത് 60 ബസുകൾ വി​റ്റതായി കേരള സ്​റ്റേ​റ്റ് പ്രൈവ​റ്റ് ബസ് ഓപ്പറേ​റ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു. വിൽക്കുന്ന ബസുകളിൽ മിക്കവയ്ക്കും അഞ്ചുലക്ഷത്തിൽ താഴെയാണ് കിട്ടിയത്.

 പെർമിറ്റ് കൈയിലുണ്ട്

ബസുകൾ മാത്രം വി​റ്റ് പെർമി​റ്റ് മരവിപ്പിച്ച് നിറുത്തുകയാണ്. ബസുകൾ സാധാരണനിലയിൽ ഓടാൻ തുടങ്ങിയാൽ പെർമി​റ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണിത്. നിറുത്തിയിട്ട ബസുകളിലെ ടയറും എൻജിനും ബാ​റ്ററിയും നശിച്ചുതുടങ്ങി. ഇതു മാ​റ്റണമെങ്കിലും വൻതുക ചെലവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൻകിട വസ്ത്രാഭരണ ശാലകൾ, ആശുപത്രികൾ എന്നിവയും പഴയ ബസുകൾ വാങ്ങുന്നുണ്ട്.