അമ്പലപ്പുഴ : കാറിൽ തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ കാൽവിരൽ നഷ്ടപ്പെട്ട നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പത്താഴി ശരണമുകൾ വീട്ടിൽ മുരളീധരന്റെ മകൻ നിധിനെ (30) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം 3.30 ഓടെ ദേശീയപാതയിൽ തൂക്കുകുളം ഭാഗത്തായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന നിധിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർ ദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ നിധിൻ, കൊല്ലം ഭാഗത്ത് നിന്നും പാചക വാതകം ഇറക്കിയ ശേഷം എറണാകുള ത്തേക്ക് പോയ ലോറിയുടെ അടിയിൽപ്പെടുകയും വലത് കാലിന്റെ തള്ള വിരൽ പൂർണ്ണമായി മുറിഞ്ഞ് പോകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് നിധിനെ ആശുപത്രിയിൽ എത്തിച്ചു. പുന്നപ്ര സി.ഐ പി .വി .പ്രസാദിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു.