ആലപ്പുഴ: ലഹരിക്കടത്തുകാർ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ചേർത്തല എക്‌സൈസ് സർക്കിൾ ഓഫീസിനും റേഞ്ച് ഓഫീസിനുമായി നിർമ്മിച്ച എക്‌സൈസ് കോംപ്ലക്‌സ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സൗകര്യപ്രദവും സുരക്ഷിതവുമായ നിലയിൽ എക്‌സൈസ് ഓഫീസുകൾ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ചേർത്തലയിലെ എക്‌സൈസ് കോംപ്ലക്‌സ്. 2.82 കോടി വിനിയോഗിച്ചാണ് കോംപ്ലക്‌സ് തയ്യാറാക്കിയത്. ഇതോടെ 10 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെട്ട ചേർത്തല റേഞ്ചും എട്ടു പഞ്ചായത്തുകൾ ഉൾപ്പെട്ട കുത്തിയതോട് റേഞ്ച് പ്രദേശവും ഉൾക്കൊള്ളുന്ന ചേർത്തല സർക്കിൾ ഓഫീസ് പരിധി കൂടുതൽ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

2020 മാർച്ചിൽ കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം മാറ്റിയ്ക്കുകയായിരുന്നു. ജില്ലയിൽ മൂന്ന് സ്‌പെഷ്യൽ യൂണിറ്റുകൾ അടക്കം 21 എക്‌സൈസ് ഓഫീസുകളാണുളളത്. എട്ട് ഓഫീസുകൾ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുട്ടനാട് എക്‌സൈസ് റേഞ്ച് - സർക്കിള്‍ ഓഫീസുകൾക്കായുളള കുട്ടനാട് എക്‌സൈസ് കോംപ്ലക്‌സ്, മാവേലിക്കര എക്‌സൈസ് റേഞ്ച് - സർക്കിൾ ഓഫീസുകൾക്കായുളള മാവേലിക്കര എക്‌സൈസ് കോംപ്ളക്‌സ്, കുത്തിയതോട് എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ നിർമ്മാണത്തിനായി ഭരണാനുമതി ലഭിക്കുന്നതിനുളള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. സമയബന്ധിതമായി ഈ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എ.എം ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ചേർത്തല നഗരസഭ ചെയർമാൻ വി.ടി ജോസഫ്, ചേർത്തല നഗരസഭ പ്രതിപക്ഷ നേതാവ് എൻ.ആർ ബാബുരാജ്, നഗരസഭ കൗൺസിലർ ടോമി എബ്രഹാം, ജോയിന്റ് എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്ത്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എസ്. ശാരി തുടങ്ങിയവർ പങ്കെടുത്തു.