photo

 അപകട ഭീഷണിയായി കനാലിലെ കോൺക്രീറ്റ് കുറ്റികൾ

ആലപ്പുഴ: വാടക്കനാലിൽ പത്തുവർഷം മുമ്പ് പാലം നിർമ്മാണത്തിനായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ ജലഗതാഗത വകുപ്പിന്റേത് ഉൾപ്പെടെയുള്ള ബോട്ടുകൾക്ക് അപകട ഭീഷണിയാവുന്നു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് കിഴക്ക് മാതാജെട്ടിക്ക് പടിഞ്ഞാറ് ഭാഗത്താണ് പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് പോകുന്നതിനു വേണ്ടി നടപ്പാലം നിർമ്മാണത്തിനായി കുറ്റികൾ നാട്ടിയത്. പിന്നീട് ഇതിനു കിഴക്ക് മാറി പുതിയ നടപ്പാലം നിർമ്മിക്കുകയായിരുന്നു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ,നെടുമുടി, കാവാലം ,പുളിങ്കുന്ന്,ചങ്ങനാശേരി സ്റ്റേഷനുകളിലേക്കുള്ള യാത്രാ ബോട്ടുകൾ സർവീസ് നടത്തുന്നത് ഇതുവഴിയാണ്. ഈ ബോട്ടുകളെല്ലാം ബസ് സ്റ്റാൻഡ് ജെട്ടിയിൽ (മാതാ ജെട്ടി) അടുത്ത ശേഷമാണ് സർവീസ് നടത്തുന്നത്. ജെട്ടിക്ക് സമീപം കോൺക്രീറ്റ് കുറ്റികൾ നിൽക്കുന്നതിനാൽ ബോട്ടുകൾ അപകടരഹിതമായ രീതിയിൽ സർവീസ് നടത്തുന്നതിനു തടസമുണ്ട്. പലപ്പോഴും കുറ്റിയിൽ തട്ടിയാണ് ബോട്ടുകൾ കടന്നു പോകുന്നത്. ഇത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.

പഴയ യാത്രാ ബോട്ടുകളേക്കാൾ വലിപ്പമുള്ളതാണ് ഇപ്പോഴത്തെ വൈഗാ ബോട്ടുകൾ. പലതവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കുറ്റികൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല.

 കുറ്റികൾ നീക്കണം: സ്രാങ്ക് അസോ.

മാതാ ജെട്ടി ജെട്ടിക്ക് സമീപത്തെ കോൺക്രീറ്റ് കുറ്റികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്രാങ്ക് അസോ. യോഗം കളക്ടറോട് ആവശ്യപ്പെട്ടു. ഉപയോഗ യോഗ്യമല്ലാത്ത കോൺക്രീറ്റ് കുറ്റികൾ അടിയന്തിരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.ടി.ആദർശ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി.മധുക്കുട്ടൻ, ട്രഷറർ എസ്.സുധീർ, ജോയിന്റ് സെക്രട്ടറി വി.അനൂപ്, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.