 പത്ത് കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം

ചേർത്തല: നാട്ടിലെ വികസന പ്രവർത്തനങ്ങളുടെ കലാശക്കൊട്ടിനോടൊപ്പം, പൊതുമരാമത്ത് വകുപ്പിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മന്ത്റി ജി.സുധാകരനെ ആദരിക്കുന്ന ചടങ്ങിന് തണ്ണീർമുക്കത്ത് അരങ്ങൊരുങ്ങുന്നു. 12ന് വൈകിട്ട് 4ന് തണ്ണീർമുക്കം പണ്ഡി​റ്റ് കറുപ്പൻ മെമ്മോറിയൽ ഹാളിലാണ് ചടങ്ങ്.

തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി പൊതുമരാമത്ത് ഫണ്ടിൽ നിന്നു റോഡുകളുടെ നവീകരണത്തിനായി 19.34 കോടിയാണ് ചെലവാക്കിയത്. തണ്ണീർമുക്കം കായൽ-ബാങ്ക് റോഡിനായി അനുവദിച്ച 22 കോടി ഉൾപ്പെടെ 41.34 കോടിയുടെ പ്രവൃത്തികളാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നു ലഭിച്ചത്. സംസ്ഥാന ഭരണചരിത്രത്തിൽ ഇത്രയും തുക തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നത് ആദ്യമാണ്. ഇന്ത്യയിൽ ഏ​റ്റവും കൂടുതൽ, പൊതുമരാമത്ത് ഫണ്ടുകൾ വിനിയോഗിച്ച മന്ത്റി എന്ന ബഹുമതി നേടിയ ഘട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് ആദരമൊരുക്കിയത്.

പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പിന്നാക്ക വികസന കോർപ്പറേഷന്റെ ഒന്നരക്കോടി രൂപയുടെ വിതരണം, ഹാർബർ എൻജിനീയറിംഗിന്റെ നിർമ്മാണം പൂർത്തിയായി വരുന്ന മൂന്നരക്കോടിയുടെ പ്രവൃത്തികൾ, ഇറിഗേഷൻ വകുപ്പിന്റെ ഒരുകോടി രൂപയുടെ വികസന പദ്ധതികൾ, മുഴുവൻ വീടുകൾക്കും ആയിരം രൂപയ്ക്ക് കുടിവെളളം എത്തിക്കുന്ന 41 ലക്ഷം രൂപയുടെ ജലജീവൻ പദ്ധതി, പഞ്ചായത്തിന്റെ തന്നെ 23 വാർഡുകളിലായി നടപ്പാക്കുന്ന 2.30 കോടിയുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2.10 കോടിയുടെ പദ്ധതികൾ ഉൾപ്പെടെ 10 കോടി മുടക്കിൽ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഇതോടൊന്നിച്ച് തന്നെ ഹരികർമ്മസേനയുടെ ഫ്ലാഗ് ഒഫും മെ​റ്റീരിയൽ കളക്ഷൻ സെന്റിന്റെ കെട്ടിട ഉദ്ഘാടനം, പുനർ നിർമ്മിച്ച പബ്ലിക്ക് ലൈബ്രറി ഉദ്ഘാടനം, ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ല​റ്റ്, കുടുംബശ്രീ ഓൺലൈൻ പഠന കേന്ദ്രം, ബി.ആർ.സി കെട്ടിട ഉദ്ഘാടനം, ഓപ്പൺ എയർ സ്​റ്റേജ് ഉദ്ഘാടനം, ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിനായിട്ടുളള 5000 സെറാമിക്ക് പ്ലേ​റ്റുകളുടെ വിതരണം, മത്സ്യ സങ്കേതം ഉദ്ഘാടനം ഉൾപ്പെടെ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുളളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് പറഞ്ഞു. ചടങ്ങിൽ മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും.