ആലപ്പുഴ: റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യങ്ങൾ സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്തവർക്ക് ലഭി​ച്ചി​ല്ലെന്ന് കെ.പി​.സി​.സി​ ഒ.ബി​.സി​ ഡിപ്പാർട്ട്മെൻറ് സംസ്ഥാന ജനറൽ സെകട്ടറി രാജേഷ് സഹദേവൻ ആരോപിച്ചു. ചില ബാങ്കുകളിലെ ഏജന്റുമാർ ഫോണിലൂടെയും മറ്റും പലിശയുടെയും പിഴപ്പലിശയുടെയും കണക്കുകൾ നിരത്തി വായ്പയെടുത്തവരെ സമ്മർദ്ദത്തി​ലാക്കി​ പണം തിരികെ അടപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. വായ്പയുടെ തിരിച്ചടവ് തൽക്കാലം നീട്ടിയിട്ടുണ്ടെന്നല്ലാതെ പലിശയിലും പിഴപ്പലിശയിലും ഒരു കുറവും ഇവർ ചെയ്യുന്നില്ല. ആഗസ്റ്റ് 31 വരെയായിരുന്നു ആർ.ബി​.ഐ നൽകിയ ഈ കടാശ്വാസത്തിന്റെ ഇളവ് . യഥാർത്ഥത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച നടപടി മാദ്ധ്യമങ്ങൾ വഴി കൊട്ടിഘോഷിക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്തത്. വായ്പ തുകയുമായി ബന്ധപ്പെട്ട പലിശകളുടെ ഇളവാണ് പ്രഖ്യാപിക്കേണ്ടതെന്ന് ഈ മേഖലയിലെ വിദഗ്ധർ കേന്ദ്ര സർക്കാരി​നെ പല തവണ അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കോവിഡെന്ന മഹാമാരി ഒഴിഞ്ഞു പോകുന്ന കാലയളവു വരെയെങ്കിലും പി​ഴപ്പലി​ശ ഉണ്ടാവരുതെന്നും കർഷകരെയും ചെറുകിട വ്യവസായ സംരംഭകരെയും വിദ്യാഭ്യാസ വായ്പയെടുത്തവരെയും ജപ്തി ഭീഷണിയിൽ നിന്നു ഒഴിവാക്കണമെന്നും രാജേഷ് സഹദേവൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.