ആലപ്പുഴ: അഷ്ടമിരോഹിണി ആഘോഷങ്ങൾ ഇത്തവണ ക്ഷേത്രങ്ങളിലും വീടുകളിലുമായി ഒതുങ്ങി. എല്ലാ വർഷവും ബാലഗോകുലം സംഘടിപ്പിക്കാറുള്ള ശോഭായാത്രകൾ നടന്നില്ല. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമടക്കം പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകൾ നടന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 'വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം' എന്ന സന്ദേശവുമായാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. വീടുകൾ അലങ്കരിച്ച്, ദീപം തെളിച്ച്, പൂക്കളമൊരുക്കിയാണ് പല വീടുകളിലും അഷ്ടമിരോഹിണി ആഘോഷിച്ചത്. ശോഭായാത്രയുടെ സമയത്ത് കുട്ടികൾ കൃഷ്ണന്റെയും ഗോപികയുടെയും വേഷമണിഞ്ഞു വീടുകളിൽ നിരന്നു.