പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം നാളെ വൈകിട്ട് 3 ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കുമെന്ന് പ്രസിഡൻറ് ശാന്തമ്മ പ്രകാശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ, നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പിയും സുവനീർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ശെൽവരാജും നിർവഹിക്കും. ശാന്തമ്മ പ്രകാശൻ, കെ.ആർ.പുഷ്ക്കരൻ, പി.ശശികല ,വിജയകുമാരി, പി.ആർ.സജി തുടങ്ങിയവർ സംസാരിക്കും. 65 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി പഞ്ചായത്തിന്റെ ഓൺ ഫണ്ട് ഉപയോഗിച്ചാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ശാന്തമ്മ പ്രകാശൻ, വൈസ് പ്രസിഡൻറ് കെ.ആർ.പുഷ്ക്കരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ശശികല പഞ്ചായത്തംഗങ്ങളായ വിനോദ് കണ്ണാട്ട്, മാമ്മച്ചൻ, അമ്പിളി എന്നിവർ പങ്കെടുത്തു.
പ്രതിഷേധവുമായി പ്രതിപക്ഷം
കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെണെന്ന് കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം പ്രസിഡൻറ് ജോസഫ് വടക്കേകരി ആരോപിച്ചു. പകുതി പണി ശേഷിക്കെ ധൃതി കൂട്ടിയുള്ള ഉദ്ഘാടന ചടങ്ങ് ജനങ്ങളെ വിഢികളാക്കാനാണെന്നും ചടങ്ങിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കില്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എൻ.പി.പ്രദീപ് അറിയിച്ചു.