അമ്പലപ്പുഴ: അമ്മയോടൊപ്പം കിടന്നുറങ്ങിയ 3 മാസം പ്രായമുള്ള കുഞ്ഞിനെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി നാലുചിറ മുരളികയിൽ രഞ്ജിത്ത് - ആതിര ദമ്പതികളുടെ മകൻ അഭയദേവാണ് മരിച്ചത്.
കുട്ടി രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് തട്ടി വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായില്ല. തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ബുധനാഴ്ച തോട്ടപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. രാത്രി മുഴുവൻ കരഞ്ഞ കുഞ്ഞിന് അമ്മ കിടന്നുകൊണ്ട് മുലപ്പാൽ നൽകി. പാൽ നെറുകയിൽ കയറിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്രവ പരിശോധനയ്ക്കു ശേഷം പോസ്റ്റുമാർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമാർട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.