ചേർത്തല:നഗരത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള സമഗ്ര നഗരാസൂത്രണ രേഖക്ക് (ഡീറ്റൈല്‍ഡ് ടൗൺ പ്ലാനിംഗ്) അംഗീകാരം.1988 മുതൽ പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് രേഖ കൗൺസിൽ അംഗീകരിച്ചത്.വിദഗ്ദരുടെയും നഗരാസൂത്രണ വകുപ്പിന്റെയും നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.വികസനത്തിനായി കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ് സംവിധാനം.സമഗ്ര നഗാരാസൂത്രണ രേഖയില്ലാത്തത് കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും നഷ്ടമാകുന്നതിന് കാരണമായിരുന്നു.
സമഗ്ര നഗരാസൂത്രണരേഖ
നഗരത്തിന്റെ വികസന കാഴ്ചപ്പാടാണ് ഇതിൽ തെളിയുന്നത്.നഗരത്തെ ഓരോ കേന്ദ്രങ്ങളായി തിരിച്ച് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ് സംവിധാനം.നിലവിൽ കേന്ദ്രഫണ്ടുകൾ അനുവദിക്കണമെങ്കിൽ ഇത്തരത്തിൽ ആസൂത്രണം ആവശ്യമാണ്.ജനവാസകേന്ദ്രങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും പ്രത്യേകമായി ക്രമീകരിച്ചാണ് പ്രത്യേക വികസന സംവിധാനങ്ങൾ ഒരുക്കുന്നത്.
വേളോർവട്ടത്ത് സ്റ്റേഡിയം, ചെങ്ങണ്ടയിൽ ഐ.ടി പാർക്ക്
നഗരസഭാപരിധിയിലുള്ള വേളോർവട്ടത്ത് നാലേക്കർ സ്ഥലം ഏറ്റെടുത്ത് വിവിധോദ്ദേശ സ്റ്റേഡിയം രേഖയിൽ ലക്ഷ്യമിടുന്നു. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.പള്ളിപ്പുറം ഇന്റഫോപാർക്കിന് സമാന്തരമായി അതേ പാതയിലുള്ള ചെങ്ങണ്ടയിലെ സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി ഐ.ടി പാർക്കും ലക്ഷ്യമിടുന്നുണ്ട്.നെടുമ്പ്രക്കാട്ട് ഗ്രീൻ സോണായി കായലോരം ഉയർത്തി സംരക്ഷണമേഖലയാക്കും.
നഗരത്തിലേക്ക് ചരക്കുമായെത്തുന്ന ലോറികൾക്കായി ലോറി സ്റ്റാൻഡ്,പാർക്ക്,വ്യവസായ വികസന മേഖല എന്നിവയെല്ലാം രൂപകൽപ്പന ചെയ്താണ് ഇതിന് അന്തിമരൂപം നൽകിയിരിക്കുന്നത്.