ചാരുംമൂട് : ബുധനാഴ്ച വീടിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയമുയരുന്നു. ഇടക്കുന്നം ചിറയിൽ പരേതനായ തങ്കപ്പൻറെയും ദേവയാനിയുടെയും മകൻ വിമൽകുമാറിനെയാണ്( 46 ) ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.ടൈൽ പണിക്കാരനാണ് വിമൽ കുമാർ . വിമൽ കുമാറിന്റെ അമ്മ പതിവായി ബന്ധുവിന്റെ വീട്ടിലാണ് രാത്രി ഉറങ്ങാറ്. വിമൽകുമാറിന്റെ ദേഹത്തും തലയിലും കണ്ട പരിക്കുകളാണ് ദുരൂഹത ഉയർത്തുന്നത്. രണ്ടുദിവസം മുമ്പ് രാത്രിയിൽ വിമൽ കുമാറിനെ കുറച്ചുപേർ ചേർന്ന് ആക്രമിച്ചതായും അടുത്തുള്ള ഒരു വീട്ടിൽ സഹായം അഭ്യർത്ഥിച്ച് ഇയാൾ ഓടിക്കയറിയതായും പറയപ്പെടുന്നു. മരിക്കുന്നതിന് തലേദിവസം വിമൽകുമാർ അയൽവാസികളിൽ പലരോടും തന്നെ ആക്രമിച്ച വിവരവും , ഭീഷണി ഉള്ളതായും പറഞ്ഞിരുന്നു. വീടിനടുത്ത് ജോലിചെയ്തിരുന്ന വീട്ടിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെ രണ്ടുപേർ വിമൽ കുമാറിനെ പിടിച്ചുകൊണ്ടുപോയി വീണ്ടും മർദ്ദിച്ചതായും പറയപ്പെടുന്നു. വിമലിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എസ്.പിക്കും ഡി.ജി.പിക്കും ഉൾപ്പെടെ പരാതി നൽകി. അടൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.