s

 ചെറുമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു

ആലപ്പുഴ: മൺസൂൺ കാലത്ത് ലഭിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ, കാലവസ്ഥ വ്യതിയാനത്തെത്തുടർന്ന് കാണാമറയത്ത്.

സമുദ്രജലത്തിന്റെ താപനില വർദ്ധിപ്പിക്കുന്ന എൽനിനോ പ്രതിഭാസമാണ് മത്തിക്ക് പ്രതികൂലമായത്.മുൻ വർഷങ്ങളിൽ തീരക്കടലിൽ സുലഭമായിരുന്ന മത്സ്യങ്ങളുടെ 10-20 ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. മോട്ടമത്തി, കുറിച്ചി, താട എന്നിവ കാണാൻകൂടിയില്ല. കാലാവസ്ഥയിലെ മാറ്റവും അടിക്കടിയുണ്ടാകുന്ന ന്യൂനമർദ്ദവും പ്രളയജലത്തിന്റെ കുത്തൊഴുക്കും തീരക്കടലിൽ തെക്ക് പടിഞ്ഞാറൻ ഒഴുക്ക് ശക്തമാകാൻ കാരണമായി. ഇത് മത്തി ഉൾപ്പെടെയുള്ള ചെറുമത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ. അടിയൊഴുക്ക് ശക്തമായതിനാൽ അടിത്തട്ടിൽ വളരുന്ന സസ്യങ്ങളും പ്ളവകങ്ങളും കുറഞ്ഞു. ഇതോടെ മത്സ്യങ്ങൾക്ക് മുട്ടയിടനുള്ള സാഹചര്യം ഇല്ലാതായി.

സംസ്ഥാന തീരത്തുനിന്ന് പത്തുമുതൽ ഇരുപത് വരെ കിലോമീറ്ററിലാണ് മത്തി, അയല ഉൾപ്പെടെയുള്ള ചെറുമത്സ്യങ്ങൾ കണ്ടുവരുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാർഗമായിരുന്നു മത്തി. 50ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന 400 ഇൻബോർഡ് വള്ളങ്ങളിലെ തൊഴിലാളികളും മത്തിയുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. ആഴക്കടൽ മത്സ്യങ്ങളായ സ്രാവ്, നെൻമീൻ എന്നിവയും ലഭിക്കുന്നില്ല.

.......................................

 കുറഞ്ഞ മത്സ്യങ്ങൾ

മത്തി, അയല, താട, പരവ, കുറിച്ചി, പൂവലാൻ ചെമ്മീൻ, ചൂട, നെത്തോലി, സ്രാവ്, നെൻമീൻ

....................................

 ജൂൺ,ജൂലായ് മാസങ്ങളിലാണ് ചെറുമത്സ്യങ്ങളുടെ പ്രജനനം

 പ്രധാനമായും മത്തി, ചെമ്മീൻ എന്നിവ പ്രജനനം നടത്തുന്നു

 ചാകര ഉറച്ച് കിടക്കുന്ന, അനക്കമില്ലാത്ത ഭാഗത്ത് മുട്ടയിടും

 ഒരു മത്തി ഒരുതവണ അരലക്ഷത്തോളം മുട്ടയിടുന്നു

 ചെറുമത്സ്യങ്ങൾ കുറഞ്ഞുതുടങ്ങിയത് 2013 മുതൽ

 ട്രോളിംഗ് നിരോധനം ഫലപ്രദമാവുന്നില്ല

.............................

# മത്തി പോഷക സമ്പുഷ്ടം

ഒമേഗ-3, ജീവകം ഡി, കാൽസ്യം, വൈറ്റമിൻ ബി 12, മാംസ്യം എന്നിവയാൽ സമ്പുഷ്ടമാണ് മത്തി.

കന്നിമാസത്തോടെ മുട്ടമാറി നെയ് മത്തിയാകും. വിവിധതരം ഔഷധങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം വള്ളങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും മത്തിനെയ്യ് ഉപയോഗിക്കും. നെയ്യെടുത്ത മത്തിയുടെ അവശിഷ്ടം വളം നിർമ്മാണത്തിന് ഉപയോഗിക്കാം.

.......................................

തീരത്ത് അടിക്കടി ഉണ്ടാകുന്ന നിരോധനം കണക്കിലെടുത്ത്, കേന്ദ്ര ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നിശ്ചിത തുക മത്സ്യത്തൊഴിലാളികൾക്ക് സഹായധനമായി വിതരണം ചെയ്യണം. കർഷകർക്ക് പ്രഖ്യാപിക്കുന്നതു പോലെ മത്സ്യത്തൊഴിലാളി മേഖലയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കണം

ടി.ജെ.ആഞ്ചലോസ്, സംസ്ഥാന പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)

...........................................

ന്യൂനമർദ്ദം, കൊവിഡ് എന്നിവയുടെ പേരിൽ തീരത്ത് നിരോധനം ഏർപ്പെടുത്തുന്നത് നിത്യസംഭവമായത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. പിടിക്കുന്ന മത്സ്യം സ്വതന്ത്രമായി വിപണനം ചെയ്യാനും അന്യജില്ലകളിൽ കൊണ്ടുപോയി വില്പന നടത്താനുമുള്ള അനുമതി നൽകണം

ഏ.കെ.ബേബി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്