ആലപ്പുഴ: പ്രതികൂല കാലാവസ്ഥയും കൊവിഡ് ഭീതിയും മൂലം വള്ളങ്ങളും ബോട്ടുകളും കടലിൽ പോകാതായതോടെ ജില്ലയിലെ 94 ഐസ് പ്ളാന്റുകളും പ്രവർത്തന രഹിതമായി. 450 ഓളം തൊഴിലാളി കുടുംബങ്ങൾ ഇതോടെ പട്ടിണിയിലായത്.
ചെമ്മീൻ വ്യവസായ യൂണിറ്റുകളും പീലിംഗ് ഷെഡുകളും കൂടുതലുള്ള അരൂർ, വളഞ്ഞവഴി മേഖലയിലാണ് ജില്ലയിലെ പകുതിയിലധികം പ്ളാന്റുകൾ പ്രവർത്തിക്കുന്നത്. 500 ബ്ളോക്ക് ഐസ് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു പ്ളാന്റ് നിർമ്മിക്കാൻ ഒന്നേകാൽ കോടിയിലധികം രൂപ ചെലവഴിക്കേണ്ടി വരും. വായ്പയുടെ പലിശ കൂടുന്നതിനാൽ പല ഉടമകളും യന്ത്രങ്ങൾ പൊളിച്ച് നീക്കി പ്ളാന്റ് കെട്ടിടം സിമന്റ്, കാലിത്തീറ്റ കമ്പനികൾക്ക് ഗോഡൗണിനായി നൽകി തുടങ്ങി. മാസം 20,000 മുതൽ 30,000 രൂപ വരെ ഇതിലൂടെ വായ്പ ലഭിക്കുന്നു.
പ്രതിദിനം 100 മുതൽ 500 വരെ ഐസ് ബ്ളോക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന ചെറിയ പ്ളാന്റുകളുണ് ജില്ലയിൽ കൂടുതലും. മത്സ്യബന്ധന തുറമുഖത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചില പ്ളാന്റുകളിൽ മാത്രമാണ് 1000 ബ്ളോക്ക് ഐസ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. 50 കിലോ വരുന്ന ഒരു ബ്ളോക്ക് ഐസ് പാകമാകാൻ 24 മണിക്കൂർ എടുക്കും. നിലവിൽ കപ്പാസിറ്റി കൂടിയ ഒന്നിലധികം കംപ്രസർ ഉപയോഗിക്കുന്നതിനാൽ സമയം നേർ പകുതിയായി കുറഞ്ഞു. സീസൺ സമയങ്ങളിൽ മൂന്നു തവണവരെ ഒരുദിവസം ഐസ് ഉത്പാദിപ്പിക്കും. ജൂൺ മുതൽ ഓക്ടോബർ വരെയാണ് സീസൺ. അഞ്ച് ദിവസം കരയിൽ എത്താതെയുള്ള മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിൽ 250 ബ്ളോക്ക് ഐസ് ശേഖരിക്കും. ഒരു ബ്ളോക്കിന് 65 രൂപയാവും. കൊവിഡിനെ തുടർന്ന് ഇത്തവണ സീസൺ വർക്ക് ലഭിച്ചില്ല.
ശമ്പളം നൽകണം
പ്ളാന്റ് പ്രവർത്തിക്കുന്നില്ലെങ്കിലും രണ്ട് ഓപ്പറേറ്റർമാർക്കും സഹായികൾക്കും വേതനം നൽകുന്നുണ്ട്. പുറമേ പ്ളാന്റിന്റെ അറ്റകുറ്റപ്പണി, ഫിക്സഡ് വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവയും വഹിക്കേണ്ടിവരും. ഇങ്ങനെ വലിയ തുകയാണ് വരുമാനം ഇല്ലാതെ ഉടമകൾ ചെലവഴിക്കുന്നത്.
തകർന്നു, സർക്കാർപ്ളാന്റ്
ടി.കെ.രാമകൃഷ്ണൻ ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ചപ്പോൾ സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ്ലാൻഡിംഗ് സെന്റർ, മിനി ഹാർബറുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ ഉടമസ്ഥതയിൽ ഐസ് പ്ളാന്റ് നിർമ്മിക്കാൻ 31 കോടിയുടെ പദ്ധതി നടപ്പാക്കി. സ്വകാര്യ പ്ളാന്റുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഐസ് നൽകാനായി നടപ്പാക്കി പദ്ധതി പ്രകാരം തോട്ടപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത പ്ളാന്റ് മസങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമായി തുരുമ്പെടുത്ത് നശിക്കുകയാണ്.
..............................................
ഐസ് പ്ളാന്റ് മേഖലയിലെ തൊഴിലാളികളും ഉടമകളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം
ഐസ് പ്ളാന്റ് ഉടമകൾ