ആലപ്പുഴ: അടുത്ത മാസത്തോടെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന അറിയിപ്പ് വന്നതോടെ വിനോദ സഞ്ചാര മേഖലയിൽ മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. കായൽ ടൂറിസത്തിന് പ്രാധാന്യമുള്ള ആലപ്പുഴയിൽ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തീരുമാനമെടുക്കും. ജില്ലാ ഭാരണകൂടം, ആരോഗ്യവകുപ്പ്, പൊലീസ്, ഹൗസ് ബോട്ട് അസോസിയേഷൻ ഭാരവാഹികൾ എന്നിവരോട് കൂടിയാലോചിച്ച ശേഷമാകും നിയന്ത്രണങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കുക.
വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രൊമോഷൻ നടപടികളും വൈകാതെ ആരംഭിക്കും. മാസങ്ങളായി ഓട്ടമില്ലാതെ കിടക്കുന്ന ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും അത്യാവശ്യ അറ്റകുറ്റപ്പണികൾ തീർക്കേണ്ടതുണ്ട്. മലബാറിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കായൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ അന്വേഷിച്ചുള്ള വിളികൾ എത്തിത്തുടങ്ങി. മാസങ്ങളായി വീടുകളിൽ കുടുങ്ങിയതിന്റെ സമ്മർദ്ദത്തിന് അയവ് വരുത്താൻ ധാരാളം ആഭ്യന്തര സഞ്ചാരികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. റിസോർട്ടുകൾ പ്രവർത്തനമാരംഭിച്ചതോടെ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായി ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ എത്തും. ടൂർ ഓപ്പറേറ്റർമാർ കൊവിഡ് പശ്ചാത്തലത്തിൽ പുതിയ പാക്കേജുകൾ ആസൂത്രണം ചെയ്യുന്നുണ്ട്. ബിസിനസ് ആവശ്യവുമായി വരുന്നവർക്ക് ക്വാറന്റൈൻ ഇളവ് അനുവദിച്ചതുപോലെ, ഏഴു ദിവസത്തിൽ താഴെ ചെലവിടുന്നവർക്കും ഇളവുണ്ടാകും.
..........................
ടൂറിസം പ്രവർത്തനങ്ങൾ ഏത് രീതിയിൽ പുനരാരംഭിക്കണമെന്നതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. ഇളവുകൾ കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ നടപ്പാക്കാൻ സാധിക്കൂ. ഒരേ സമയം എത്ര ബോട്ടുകൾ, സഞ്ചാരികൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്
എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി
..................
കൊവിഡ് പോരാട്ടത്തിൽ കേരളം സമ്പാദിച്ച സൽപ്പേര് ഉയർത്തിക്കാട്ടി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം. ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി അനുവദിച്ച വായ്പ എത്രയും വേഗം ലഭ്യമാക്കണം. കൊവിഡ് പശ്ചാത്തലത്തിൽ ലൈസൻസ് കാലാവധി നീട്ടിത്തരണം.
രാഹുൽ രമേശ്, ഹൗസ് ബോട്ട് വ്യവസായി
....................
വിനോദസഞ്ചാര മേഖലയിലെ ഉണർവ് ഹോട്ടൽ വ്യവസായത്തിൽ പ്രതിഫലിക്കും. അഭിവൃദ്ധി ഉറപ്പാണ്. സാമൂഹിക അകലവും, മാനദണ്ഡങ്ങളും പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും തയ്യാറാകും. ടൂറിസം നിലച്ചതോടെ നഗരത്തിലെ നിരവധി ഹോട്ടലുകളാണ് കച്ചവടമില്ലാതെ പൂട്ടിക്കിടക്കുന്നത്. ഇവയ്ക്ക് ജീവൻ വയ്ക്കാൻ കായൽ ടൂറിസം സഹായിക്കും
നാസർ താജ്, ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ
......................
സഞ്ചാരികളെ സ്വീകരിക്കാൻ വ്യത്യസ്ത പാക്കേജുകൾ തയ്യാറാണ്. സഞ്ചരിക്കാനുള്ള വാഹനം, താമസം, ഭക്ഷണം ഉൾപ്പടെ എല്ലാം സജ്ജമാക്കും. ആളില്ലാതെ പൂട്ടിക്കിടക്കുന്ന റിസോർട്ടുകൾക്ക് ഉണർവ് ലഭിക്കും. കൂടാതെ ഓട്ടോ - ടാക്സി ജീവനക്കാർക്ക് കൂടുതൽ ഓട്ടം ലഭിക്കാനും അവസരമണ്ടാകും
ഹാരിസ് കാസിം, ഹാദിയ ടൂർസ് ആൻഡ് ട്രാവൽസ്