
ആലപ്പുഴ:ടാർപൊളിൻ ഷീറ്റ് വലിച്ചുകെട്ടി, വീടിന്റെ ചോർച്ചയ്ക്ക് കുടപിടിച്ചു കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് ഇനി ചോരാത്ത വീട്ടിൽ സമാധാനത്തോടെ കഴിയാം. മനുഷ്യത്വം ചോർന്നിട്ടില്ലാത്ത ഒരു കൂട്ടായ്മയാണ് വീട് പുനരുദ്ധരിക്കാൻ തയ്യാറായത്.
കായംകുളം നിയോജക മണ്ഡലത്തിലെ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് തെക്കേ പുളിമൂട്ടിൽ സജി- സിന്ധു ദമ്പതികളും ഡിഗ്രിക്കും പ്ളസ്ടുവിനും പഠിക്കുന്ന മക്കളുളുമുൾപ്പെട്ട നാലംഗ കുടുംബത്തിനാണ് കൈത്താങ്ങ് ലഭിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സജി. ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ടി.വി നൽകാൻ ചെട്ടികുളങ്ങരയിലെ 'ആഴ്ചമരം' പദ്ധതി പ്രവർത്തകരും ചെട്ടികുളങ്ങര ഹൈസ്‌കൂൾ എസ്.എസ്.എൽ.സി 1989,1994 ബാച്ച് അംഗങ്ങളും എത്തിയപ്പോഴാണ് വീടിന്റെ ദുരവസ്ഥ ബോദ്ധ്യപ്പെടുന്നത്.
പിന്നീട്, ചോരാത്ത വീട് പദ്ധതിയുമായി ബന്ധപ്പെട്ട് വീട് കാണുകയും ഈ കൂട്ടായ്മയിലേക്ക് സുമനസുകളുടെ സഹകരണം തേടുകയുമായിരുന്നു. അങ്ങനെ സമാഹരിച്ച തുക ചെലവഴിച്ച് വീട് മുഴുവൻ ടൈൽസ് പാകി മനോഹരമാക്കി.മേൽക്കൂരയും വൃത്തിയാക്കി. വീടിന്റെ നിർമ്മാണോദ്ഘാടനം യു. പ്രതിഭ എം.എൽ.എയാണ് നിർവഹിച്ചത്. ആഴ്ചമരം സെക്രട്ടറി സജിത്ത് സംഘമിത്ര,അജികുമാർ, ശ്രീകുമാർ, അനിൽ ചാരുംമൂട്ടിൽ, ഗോപൻ, ഗോപിനാഥ്, സുരേഷ് പുത്തൻവീട്ടിൽ ഉൾപ്പടെയുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
പുതുക്കിപ്പണിഞ്ഞ വീട് നാളെ രാവിലെ 10ന് യു. പ്രതിഭ എം.എൽ.എ കുടുംബത്തിന് കൈമാറും.