ആലപ്പുഴ : നഗരത്തിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികൾ തട്ടുന്ന സംഘത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള ആലപ്പുഴ സൗത്ത് സി.ഐ രാജേഷ് തട്ടിപ്പിന് ഇരയായ വ്യാപാരികളിൽ നിന്ന് മൊഴിയെടുത്തു. ഒന്നിലധികം വ്യാപാരികളാണ് തട്ടിപ്പിന് ഇരയായതെന്ന് പരാതിയിൽ പറയുന്നു. നഗരത്തിൽ ഒരു സ്ഥാപനം നടത്തുന്ന കബീർ എന്നയാളാണ് വ്യാപാരികളെയും പുതുതായി സ്ഥലം വാങ്ങുന്നവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായ വ്യാപാരികൾ ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടന്നിരുന്നില്ല. തുടർന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് രാജൂ അപ്സര, വൈസ് പ്രസിഡന്റ ആർ.സുഭാഷ്, ടൗൺ യൂണിറ്റ് വൈസ് പ്രസിഡന്റ് സുനിൽ മുഹമ്മദ്, ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് നസീർ പുന്നക്കൽ എന്നിവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതിനൽകിയത്. നഗരത്തിലെ ഒരു ബേക്കറിയുടമയിൽ നിന്ന് പലവിധകാരണങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി വൻതുകയാണ് കബീർ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. മൊഴിയെടുപ്പ് പൂർത്തിയായ ശേഷം തുടർനടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.