ആലപ്പുഴ: മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മങ്കുഴി പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
64 വർഷം പഴക്കമുള്ള മങ്കുഴി പാലം പുനർനിർമ്മിക്കുക എന്നത് നാട്ടുകാരുടെ ദീർഘാനാളായുള്ള ആവശ്യമായിരുന്നുവെന്നും ഇതിന് പരിഹാരം കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആർ. രാജേഷ് എം. എൽ. എ പറഞ്ഞു. വഴുവാടിക്കടവ് പാലം ഉൾപ്പെടെ മണ്ഡലത്തിലേക്ക് ആവശ്യമായ റോഡുകളും, പാലങ്ങളും അനുവദിച്ച പൊതുമരാമത്തു വകുപ്പിനോടും മന്ത്റിയോടുമുള്ള നന്ദിയും ചടങ്ങിൽ എം. എൽ. എ അറിയിച്ചു. 4.93 കോടി രൂപയാണ് 18 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന് വകയിരുത്തിയിട്ടുള്ളത്. ഇരുഭാഗങ്ങളിലുമായി 300 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുള്ളിക്കുളങ്ങര തടത്തിലാൽ റൂട്ടിൽ തൊടിയൂർ ആറാട്ടുകടവ് കനാലിലാണ് മങ്കുഴി പാലം.
തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ജയാനന്ദൻ, പൊതുമരാമത്തു പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ, എക്സിക്യൂട്ടീവ് എൻജിനീയർ എ. സിനി തുടങ്ങിയവർ സംസാരിച്ചു.