ആലപ്പുഴ: ബഡ്ജറ്റിൽ തുക വകകൊള്ളിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും, കയർ സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് പെൻഷനില്ല. പെൻഷൻ പദ്ധതിയിൽ കയർ സംഘം ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനു മുമ്പ് വിരമിച്ചവർക്ക് വേണ്ടിയാണ് 2018- 19ലെ ബഡ്ജറ്റിൽ പെൻഷൻ തുക പ്രഖ്യാപിച്ചത്.
346 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 5.19 കോടിയാണ് പെൻഷനുവേണ്ടി പെൻഷൻ ബോർഡിന് സർക്കാർ അനുവദിച്ചത്. പ്രതിമാസം 3000 രൂപ പെൻഷൻ അനുവദിച്ചതായി കയർ വികസന ഡയറക്ടറുടെ ഉത്തരവുമുണ്ട്. എന്നിട്ടും തുക ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുകയാണെന്നാണ് ആരോപണം.
വർഷങ്ങൾ നീണ്ട സമര പരമ്പരകൾക്കൊടുവിലാണ് കയർ സംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർ പെൻഷനുള്ള അർഹത നേടിയെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയുകയാണ് ഈ 346 പേരും. 2010ന് ശേഷം സംഘങ്ങളിൽ നിന്ന് വിരമിച്ചവർക്ക് പെൻഷനുൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക് തടസമില്ല.