ആലപ്പുഴ: സംസ്ഥാനത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളുമെല്ലാം അത്യാധുനിക സൗകര്യങ്ങളോടു കൂടി മികച്ച നിലവാരത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കിടത്തി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തണ്ണീർമുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കിടത്തി ചികിത്സാ കേന്ദ്രം വയലാർ രവി എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വയലാർ രവിയുടെയും കെ.സി.വേണുഗോപാലിന്റെയും എം.പി ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കെ.സി വേണുഗോപാൽ എം.പി അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് 2018-2019 ലാണ് കിടത്തി ചികിത്സയ്ക്കായി പുതിയ കെട്ടിടം എം.പി ഫണ്ടിൽ നിന്നു അനുവദിച്ചത്. കെ.സി. വേണുഗോപാൽ എം.പി, വയലാർ രവി എം.പി എന്നിവരുടെ 50 ലക്ഷം വീതം ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചുറ്റുമതിൽ നിർമ്മാണം, സൗന്ദര്യവത്കരണം എന്നിവയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു വിനു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.വിജയകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ജയാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ സോമൻ, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ മദനൻ, തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ.അമ്പിളി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ.തോമസ്, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ എസ്.ശാരി തുടങ്ങിയവർ പങ്കെടുത്തു.