ഹരിപ്പാട്: പുഞ്ചക്കൃഷിക്ക് അധികമായി വേണ്ടിവരുന്ന വിത്ത് കർഷകർ തന്നെ കണ്ടെത്തണമെന്ന കൃഷി വകുപ്പിന്റെ തീരുമാനം ഇരുട്ടടിയാകുന്നു. പൂർണ്ണ സബ്സിഡിയായി ഹെക്ടറിന് 100 കിലോ വിത്ത് ലഭിക്കും. ഇതിൽ കൂടുതൽ വേണ്ടവർ സ്വന്തം ചെലവിൽ വിത്തര കണ്ടെത്തണമെന്നാണ് നിർദ്ദേശം.
മുൻ കാലങ്ങളിൽ സബ്സിഡിയോടെ നൽകുന്ന വിത്ത് കൂടാതെ അധിക വിത്ത് ആവശ്യമുള്ളവർക്ക് ആവശ്യമുള്ള അളവിൽ പൂർണ്ണ വില നൽകി വിത്ത് വാങ്ങാൻ കൃഷിവകുപ്പ് സൗകര്യമൊരുക്കിയിരുന്നു. ഈ സംവിധാനം ഇക്കുറി ഉണ്ടാകില്ലെന്നാണ് കൃഷി വകുപ്പ് അധികൃതർ നൽകുന്ന വിവരം. സംസ്ഥാനത്ത് നെൽവിത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതാണ് കാരണമായി പറയുന്നത്. അധിക നെൽവിത്ത് കൊണ്ടു പോകുന്ന പാടശേഖര സമിതികൾ ഇതിന്റെ പണം അടയ്ക്കാത്തത് കൃഷി ഓഫീസർമാരെ വലച്ചിരുന്നതായും പറയുന്നു. ഒക്ടോബറോടെ പുഞ്ചക്കൃഷി ഇറക്കാനിരിക്കുന്ന കർഷകർ വിത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ഏജൻസികളിൽ നിന്ന് വിത്ത് വാങ്ങുകയോ രണ്ടാം കൃഷിയിറക്കിയ കർഷകരിൽ നിന്ന് നിലവാരമുള്ള നെല്ല് വാങ്ങി ഈർപ്പരഹിതമാക്കി ഉപയോഗിക്കുകയോ വേണം. എന്നാൽ കഴിഞ്ഞ സീസണിൽ രണ്ടാം കൃഷി കൂടുതൽ ഇല്ലാതിരുന്നതും മടവീഴ്ച ഉണ്ടാക്കിയ പ്രതിസന്ധികളും കർഷകരിൽ നിന്ന് നെല്ല് വാങ്ങി ഉപയോറിക്കാനുള്ള അവസരം ഇല്ലാതാക്കും.
ആശ്രയും ഏജൻസികൾ
സ്വകാര്യ ഏജൻസികളെ ആശ്രയിക്കുക എന്നതാണ് പരിഹാരമാർഗ്ഗം. ഏജൻസികളിൽ നിന്ന് വാങ്ങുന്ന വിത്തും സർക്കാർ വിതരണം ചെയ്യുന്ന വിത്തും തമ്മിലുള്ള നിലവാരത്തിൽ വ്യത്യാസമുണ്ടായാൽ കൃഷിയേയും കർഷകരേയും സാരമായി ബാധിക്കും. ഇത് തടയാൻ സർക്കാർ തലത്തിൽ തന്നെ സംവിധാനം കണ്ടെത്തണമെന്നും കർഷകരും പാടശേഖര സമിതികളും ആവശ്യപ്പെടുന്നു. സർക്കാർ കണക്കനുസരിച്ച് വീയപുരം മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ പതിനാലര ടൺ വിത്താണ് വേണ്ടത്. എന്നാൽ കർഷകരുടെ കണക്കനുസരിച്ച് 19 ടൺ വേണം. 20 ലധികം പാടശേഖരങ്ങളാണ് വീയപുരം കൃഷിഭവൻ പരിധിയിലുള്ളത്.ഈ അനുപാതത്തിലാണ് കർഷകർ വിത്ത് കണ്ടെത്തേണ്ടത്.
.........................
കൃഷി വകുപ്പ് തന്നെ അധിക വിത്ത് എത്തിച്ച് കർഷകർക്ക് വിതരണം ചെയ്യണം. നാഷണൽ സീഡ് കോർപറേഷൻ, കർണാടക സീഡ് കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന് സർക്കാർ നേരിട്ട് വിത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്താൽ സ്വകാര്യ ഏജൻസികളുടെ പകൽക്കൊള്ളയിൽ നിന്നു കർഷകർക്ക് രക്ഷ നേടാം
പാടശേഖര സമിതികൾ