പണിയെടുത്ത് നടുവൊടിഞ്ഞ് പൊലീസുകാർ
ആലപ്പുഴ: പത്ത് കൈയുണ്ടേലും ചെയ്ത് തീരാത്തത്ര ജോലിയുണ്ട്.കണ്ടൈൻമെന്റ് സോൺ അടയ്ക്കണം, പ്രൈമറി, സെക്കൻഡറി കോൺടാക്ട് എടുക്കണം, അവരുടെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കണം, മാസ്ക് വെയ്ക്കാത്തതിന് കേസെടുക്കണം എന്നുവേണ്ട ഡ്യൂട്ടിയുടെ നീണ്ട് ലിസ്റ്റാണ് ഓരോ ദിവസവും... ജില്ലയിൽ ഡ്യൂട്ടിയിലുള്ള ഒരു പെലീസുകാരന്റെ വാക്കുകളാണ്.
കൊവിഡ് വല വിരിച്ചതോടെ അമിത ജോലി ഭാരവും, സമ്മർദ്ദവുമാണ് പൊലീസുകാർ അനുഭവിക്കുന്നത്. ആവശ്യത്തിന് ലീവ് കിട്ടുന്നില്ല. ഷിഫ്റ്റ് സമ്പ്രദായം നിറുത്തലാക്കി. എല്ലാ ജോലിയും പൂർത്തിയാക്കിയ ശേഷം, കൊച്ചു കുട്ടികളുള്ള വീട്ടിലേക്ക് മടങ്ങിപ്പോകുന്നത് ഏറെ ഭയത്തോടെയാണെന്ന് പൊലീസുകാർ പറയുന്നു. പല സ്റ്റേഷനുകളിലും പൊലീസുകാർക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്ക് പോലും നിരീക്ഷണത്തിൽ പോകാൻ അവസരം ലഭിക്കുന്നില്ല. ലോക്ക് ഡൗൺ നിയമലംഘന കേസുകൾ കൂടുതലായി എടുക്കണമെന്ന നിർദേശം വന്നതോടെ ജോലി ഭാരം വർദ്ധിച്ചു.
സാമൂഹിക അകലം പാലിക്കാത്തവരെയും, മാസ്ക് ധരിക്കത്തവരെയും കണ്ടെത്തി പിഴ ഈടാക്കണം. ഇതിന് പുറമേ മോഷണം, പിടിച്ചുപറി, കുടുംബകലഹം തുടങ്ങി ഡസൻ കണക്കിന് കേസുകൾ വേറെയും. കൊവിഡ് മരണങ്ങളുടെ നടപടി ചട്ടങ്ങളും പൊലീസിന് അധിക ഭാരമാണ്. സാധാരണ മരണങ്ങളെ അപേക്ഷിച്ച് കൊവിഡ് മരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കാനും, പോസ്റ്റ് മോർട്ടം നടപടിക്കുമെല്ലാം കാലതാമസം നേരിടും.
................................
ഷിഫ്റ്റ് സമ്പ്രദായം നിറുത്തിയതോടെ ഇപ്പോൾ മുഴുവൻ സമയമാണ് ഡ്യൂട്ടി. ലോക്ക് ഡൗൺ മാനദണ്ഡങ്ങളുടെ ലംഘനവും, സാധാരണ കേസുകളും, കൊവിഡ് ഡ്യൂട്ടിയുമായി ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്നുണ്ട്
പൊലീസ് ഉദ്യോഗസ്ഥർ