a

മാവേലിക്കര: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ ബൈപ്പാസ് ഒക്ടോബർ അവസാനം പൂർത്തിയാകുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

നാലു വർഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. എ-സി റോഡിന്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ കുട്ടനാട്ടിലെ മഴക്കാല ഗതാഗത പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മാവേലിക്കര മണ്ഡലത്തിൽ ളാഹ-ചുനക്കര റോഡിന്റെയും തെക്കേക്കര പഞ്ചായത്തിലെ മങ്കുഴി പാലത്തിന്റെയും മാവേലിക്കര നഗരസഭയിൽ ഐ.എച്ച്.ആർ.ഡി കോളേജിലെ സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര-ചുനക്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ളാഹ-മുള്ളിക്കുളങ്ങര-കോട്ടമുക്ക് ചുനക്കര റോഡ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി വിനിയോഗിച്ച് ആധുനിക നിലവാരത്തിലാണ് നിമ്മിക്കുന്നത്.

ളാഹ-ചുനക്കര റോഡ്, മങ്കുഴി പാലം നിർമ്മാണങ്ങൾ വീഡിയോ കോൺഫറൻസ് വഴിയും സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രം നേരിട്ടുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങുകളിൽ ആര്‍.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി.