അമ്പലപ്പുഴ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കവേ, രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി നാലുചിറ മുരളികയിൽ രഞ്ജിത്ത് - ആതിര ദമ്പതികളുടെ 3 മാസം പ്രായമായ അഭയദേവിന്റെ മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തി. സ്രവ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയിരുന്നു.
മരണകാരണം കണ്ടെത്താൻ കുട്ടിയുടെ ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബ്, ആലപ്പുഴ മെഡിക്കൽ കോളേജിലെ പത്തോളജി ലാബ്,മൈക്രോ ബയോളജി ലാബ് എന്നിവിടങ്ങളിലേക്ക് അയച്ചു. ഫോറൻസിക് മേധാവി ഡോ. അനൂപിന്റെ നേതൃത്വ ത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പരിശോധനാ ഫലം വന്നതിന് ശേഷമേ മരണകാരണം അറിയാനാകൂ എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഉണരാതിരുന്നതിനെ തുടർന്ന് തട്ടി വിളിച്ചു നോക്കിയെങ്കിലും അനക്കമില്ലായിരുന്നു.തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ബുധനാഴ്ച തോട്ടപ്പള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരുന്നു. രാത്രി മുഴുവൻ കുട്ടി കരച്ചിലായിരുന്നെന്നും കട്ടിലിൽ കിടന്നു കൊണ്ടാണ് അമ്മ മുലപ്പാൽ നൽകിയതെന്നും പറയുന്നു. മുലപ്പാൽ നിറുകയിൽ കയറിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.