ആലപ്പുഴ: കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറ്ററുകൾ ആരംഭിച്ചപ്പോൾ വെള്ളപ്പൊക്ക ഭീഷണി മൂലം കുട്ടനാട്ടിൽ മാത്രം ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ. ഗോപകുമാർ ആവശ്യപ്പെട്ടു. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളെ രണ്ടും മൂന്നും ദിവസങ്ങൾക്കു ശേഷമാണ്‌ ആംബുലൻസിൽ ആലപ്പുഴയിലെയോ കോട്ടയത്തെയോ ആശുപത്രികളിലേക്കു മാറ്റുന്നത്. ഇതുമൂലം സമ്പർക്കം വർദ്ധിക്കുകയും അയൽവാസികൾ ആശങ്കയിലാവുകയും ചെയ്യുന്നു. കുട്ടനാട്ടിൽ കൊവിഡ് പ്രതിരോധം പാളിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരത്തിനിറങ്ങുമെന്നും ഗോപകുമാർ വ്യക്തമാക്കി.