അടിപിടി കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്
ആലപ്പുഴ: ജില്ലയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്നു. ആഗസ്റ്റിൽ ക്വട്ടേഷൻ ആക്രമണത്തിൽ ജില്ലയുടെ തെക്കൻ മേഖലയിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. ഗുണ്ടകളുടെ ഏറ്റുമുട്ടലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വർദ്ധിച്ചതോടെ അടിപിടി കേസുകളുടെ എണ്ണം ജില്ലയിൽ മുൻ വർഷത്തേക്കാൾ വർദ്ധിച്ചു. മദ്യപിച്ചുള്ള അടിപിടി കേസുകളുടെ എണ്ണവും ഒരുവർഷത്തിനിടെ വർദ്ധിച്ചു.
ആഗസ്റ്റ് 18ന് ആണ് കായംകുളത്ത് സി.പി.എം പ്രവർത്തകനും മത്സ്യവ്യാപാരിയുമായ സിയാദിനെ വെറ്റമുജീബിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയത്. തൊഴിൽ തർക്കത്തെ തുടർന്നാണ് ചിങ്ങോലി പതിനൊന്നാം വാർഡ് നെടിയത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാം (30) ആഗസ്റ്റ് 16ന് രാത്രി ഏഴരയോടെ ചിങ്ങോലി വായനശാല ജംഗ്ഷന് സമീപം കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 12ന് മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ പാലസ് വാർഡ് ചിറയിൽ വീട്ടിൽ വിനോദ് (36) ആണ് മരിച്ചത്. ജനുവരി എട്ടിന് പുറക്കാട് കരൂർ ജംഗ്ഷനു സമീപം റോഡരികിൽ തമിഴ്‌നാട് അരിയാളുർ മണിപ്പത്തുർ അണ്ണാ നഗറിൽ പുരസ്വാമിയുടെ മകൻ ഗുണയെ (44) ഇയാളുടെ ഭാര്യപിതാവും മാതാവും ചേർന്ന് തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ തുമ്പോളി പള്ളി പെരുന്നാളിനിടെ കൊലക്കേസിലെ പ്രതികളെ ആറംഗ ക്വട്ടേഷൻ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സംഭവം ആലപ്പുഴ നഗരത്തെ നടുക്കിയിരുന്നു. ആര്യാട് പഞ്ചായത്ത് 16ാം വാർഡിൽ തുമ്പോളി വെളിയിൽ വീട്ടിൽ വികാസ് (28), ആലപ്പുഴ നഗരസഭ തുമ്പോളി വാർഡിൽ ജസ്റ്റിൻ സോനു (26) എന്നിവരെയാണ് പെരുന്നാൾ ആഘോഷത്തിനിടെ കൊലപ്പെടുത്തിയത്.
പരാതിയിലും അന്വേഷണമില്ല
പൊലീസുമായും സർക്കാർ ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലർത്തി നഗരത്തിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയയാൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ നൽകിയ പരാതി അന്വേഷിക്കുന്നതിലും പൊലീസ് അലംഭാവം കാട്ടുന്നുവെന്ന് ആരോപണമുണ്ട്. ഒരുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിക്ക് വ്യാപാരികൾ പരാതി നൽകിയിരുന്നതാണ്. തട്ടിപ്പ് നടത്തിയ ആളും വ്യാപാരികളുമായുള്ള ഫോൺസംഭാഷണം കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് പൊലീസ് ചെറുതൊയെങ്കിലും ഒന്നനങ്ങിയത്. ഒരു മന്ത്രി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജില്ലാപൊലീസ് മേധാവി എന്നിവരുടെ പേര് പരാമർശിക്കുന്ന സംഭാഷണമാണ് പുറത്തായത്.
വാഹന പരിശോധന ഇല്ല
കൊവിഡിന്റെ പശ്ചാത്തലത്തിൽ, ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും മൂന്ന് ഹൈവേ പൊലീസ് ടീമുകളും ഇപ്പോൾ വാഹന പരിശോധന നടത്താറില്ല. പരിശോധന ഇല്ലാതായതോടെ ജില്ലയിൽ വാഹന അപകടങ്ങുടെ എണ്ണം വർദ്ധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്തു. അപകടങ്ങളുടെയും ക്വട്ടേഷൻ അക്രമങ്ങളുടെയും വ്യക്തമായ കണക്ക് വെളിപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ല.