ആലപ്പുഴ: എക്സൽ ഗ്ളാസ് ഫാക്ടറി ലേലത്തിനെച്ചൊല്ലി ഇടത് മുന്നണിയിലെ ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഭിന്നസ്വരം. എ.ഐ.ടി.യു.സി,സി.ഐ.ടി.യു യൂണിയനുകളാണ് വ്യത്യസ്ത സ്വരം ഉയർത്തിയത്.

ഫാക്ടറി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിക്ക് തുടക്കം മുതൽ എ.ഐ.ടി.യു.സി എതിരായിരുന്നു. ലിക്വിഡേറ്ററെ സ്വാധീനിച്ച് ഫാക്ടറിയുടെ ആസ്തി കുറച്ച് ലേലം നടത്തിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ ഭരണക്ഷിയിൽ നിന്ന് എ.ഐ.ടി.യു.സിയും മറ്റ് പ്രതിപക്ഷ തൊഴിലാളി സംഘടനകളും പരസ്യമായി സമരമുഖത്ത് എത്തി. എന്നാൽ മന്ത്രി തോമസ് ഐസക് വിളിച്ച ചർച്ചയിൽ വ്യക്തമായ നിലപാട് സി.ഐ.ടി.യു സ്വീകരിച്ചില്ലെന്ന് എ.ഐ.ടി.യു.സി നേതാക്കൾ ആരോപിക്കുന്നു.

ദേശീയപാതയോരത്തുള്ള 18 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്.

 സർക്കാർ ലേലത്തിൽ പങ്കെടുക്കണം: ആർ.നാസർ

എക്സൽ ഗ്ളാസ് ഫാക്ടറിയുടെ സ്വത്ത് ലേലത്തിൽ സംസ്ഥാന സർക്കാരോ പണം ലഭിക്കാനുള്ള സർക്കാർ സ്ഥാപനങ്ങളോ പങ്കെടുക്കണമെന്ന് എക്സൽ ഗ്ളാസ് എംപ്ളോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) പ്രസിഡന്റ് ആർ.നാസർ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ടു വർഷമായി നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിതം തകർത്ത കമ്പനി മാനേജ്മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാർത്ഥ ആസ്തി കുറച്ച് കാണിച്ച് സ്വന്തക്കാരെ ലേലത്തിൽ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. സർക്കാർ കഴിഞ്ഞ ഓണത്തിന് നാല് കോടി രൂപ തൊഴിലാളികൾക്ക് അഡ്വാൻസ് നൽകാൻ മുന്നോട്ട് വന്നെങ്കലും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംഘടനകൾ തടസം നിന്നു. വിരമിച്ച തൊഴിലാളികൾക്ക് ആനുകൂല്യം നൽകണമെന്നും സർക്കാർ ലേലത്തിൽ നേരിട്ട് പങ്കെടുക്കണമെന്നും നാസർ ആവശ്യപ്പെട്ടു.

നാസറിന്റെ പ്രസ്താവന ജാള്യത മറക്കാൻ: എ.ഐ.ടി.യു.സി

എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ പറഞ്ഞപ്പോൾ മുന്നണിക്കുള്ളിലും മന്ത്രിസഭയിലും പറഞ്ഞാൽ പോരെയെന്ന് ചോദിച്ച സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പ്രസ്താവനയിറക്കിയതിലൂടെ മനേജ്മെൻറ് വക്താക്കളുടെ കഷ്ടകാലം ആരംഭിച്ചതായി എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ആർ.അനിൽ കുമാർ അഭിപ്രായപ്പെട്ടു
എട്ട് കൊല്ലമായി തൊഴിലും കൂലിയുമില്ലാതെ നില്ക്കുന്ന എക്സൽ ഗ്ലാസസിലെ തൊഴിലാളിക്ക് നാല്‌കോടി രൂപ അഡ്വാൻസ് ആല്ല ആവശ്യം.സ്ഥാപനം സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുകയാണ് വേണ്ടതെന്ന നിലപാടെടുത്ത യൂണിയനുകളെ തൊഴിലാളി ദ്രാഹനിലപാട് സ്വീകരിക്കുന്നവരെന്ന് ചിത്രികരിക്കാനുള്ള ആർ.നാസറിനന്റെ ശ്രമം തൊഴിലാളി താല്പര്യം സംരക്ഷിക്കാൻ സമയത്ത് ഇടപെടാൻ കഴിയാതെ വന്നതിന്റെ ജാള്യത മറച്ച് വെയ്ക്കാനാണെന്ന് അനിൽ കുമാർ പറഞ്ഞു.