ആലപ്പുഴ:കേരളത്തിലെ പ്രധാന പാതകളിലൊന്നായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നു മന്ത്റി ജി.സുധാകരൻ പറഞ്ഞു. 80 പാലങ്ങളും 5 കിലോമീറ്റർ ഫ്ളൈഓവറും ഉൾപ്പെടുന്നതാണ് 625 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തിൽ പണി പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2000 കോടി രൂപയുടെ വിവിധ വികസനപ്രവർത്തനങ്ങൾക്ക് അമ്പലപ്പുഴ മണ്ഡലത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. അതിൽ മിക്കതും പൂർത്തിയായി.
അമ്പലപ്പുഴ മണ്ഡലത്തിൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 70 കോടി രൂപ മുടക്കി നിർമ്മിക്കുന്ന വിവിധ റോഡുകളുടേയും 30 കോടി സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെയും നബാർഡിൽ ഉൾപ്പെടുത്തിയ റോഡുകളുടെയും ഉൾപ്പെടെ 35 റോഡുകളുടെ ഉദ്ഘാടനം മൂന്നുദിവസങ്ങളിലായാണ് നടത്തുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എം. ജുനൈദ്, പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ, വൈസ് പ്രസിഡന്റ് വി .കെ. വിശ്വനാഥൻ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബി .വിനു, വാർഡ് കൗൺസിലർ സലില കുമാരി എന്നിവർ പങ്കെടുത്തു.