അരൂർ: മന്ത്രി കെ.ടി.ജലീൽ തങ്ങിയ അരൂരിലെ വിവാദ വ്യവസായി അനസ് മനാറയുടെ വസതിയിലേക്ക് യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. രാവിലെ 11ന് അരൂർ ക്ഷേത്രം കവലയിൽ നിന്ന് ആരംഭിച്ച യുവമോർച്ച പ്രവർത്തകരുടെ മാർച്ച് അനസിന്റെ വീടിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.തുടർന്ന് പ്രവർത്തകർ മന്ത്രി കെ ടി ജലീലിന്റെ കോലം കത്തിച്ചു . സമരത്തിന് യുവമോർച്ച അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.ഹരിശങ്കർ, ജനറൽ സെക്രട്ടറി നന്ദു പുല്ലംപ്ലാവിൽ, വൈസ് പ്രസിഡന്റ് സരുൺ, അനിൽകുമാർ, സി.ആർ.ഗിരീഷ്, കൃഷ്ണകുമാർ ,ബിനു തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈകിട്ട് നടത്തിയ മാർച്ച് വീടിന് നൂറ് മീറ്റർ അകലെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഉന്തും തള്ളലിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ, നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ എന്നിവർക്ക് നിസാര പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിജിൻ ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മുഹമ്മദ് അസ് ലാം അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വിനു ചുള്ളിയിൽ, പ്രവീൺ, എം.എസ്.നിധീഷ് ബാബു എന്നിവർ സംസാരിച്ചു.